തിരുവനന്തപുരം : കൊവിഡ് പശ്ചാത്തലത്തിൽ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്താൻ സർക്കാർ നിർദ്ദേശം. കോണ്ടാക്ട് ട്രേസിംഗ്, ക്വാറന്റൈന് എന്നീ കാര്യങ്ങളില്‍ ഊര്‍ജിതമായി ഇടപെടാന്‍ പോലീസ് അധികൃതര്‍ക്ക് സർക്കാർ നിര്‍ദേശം നല്കി. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കളക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്.
കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ ജാഗ്രത വേണം. ഓണത്തിന് പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണിത്. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണം. നല്ല നിലയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. മറ്റ് വകുപ്പുകളിലെ ജീവനക്കാരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കളക്ടർമാർ ഉറപ്പ് വരുത്തണമെന്നും സർക്കാർ നിർദ്ദേശം ഉണ്ട് .
കോണ്ടാക്ട് ട്രേസിംഗ്, ക്വാറന്റൈന് എന്നീ കാര്യങ്ങളില്‍ ഊര്‍ജിതമായി ഇടപെടാന്‍ പോലീസ് അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിനിടയിലും കടകളില്‍ വരുന്നവരും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുത്. വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പോലീസിന്റെ ഇടപടലുണ്ടാകണം. കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗിക്കണം. ചില പ്രത്യേക സ്ഥലങ്ങളെ ക്ലസ്റ്റര്‍ ആയി കണ്ട് നടപടി സ്വീകരിക്കണം. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണിവരെയായിരിക്കും. രോഗവ്യാപന സാധ്യത കൂടുന്ന ഒരു കാര്യവും അനുവദിക്കരുത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാനും പൊലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാരായ കെ.കെ ഷൈലജ, ഇ ചന്ദ്രശേഖരന്, എ.സി മൊയ്തീന്, ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.