ഓണം വാരാഘോഷം : തലസ്ഥാന നഗരിയിൽ ആഘോഷ രാവിന് ഔദ്യോഗിക തുടക്കം

Jaihind News Bureau
Wednesday, September 11, 2019

തലസ്ഥാന നഗരിയിൽ ആഘോഷ രാവിന് ഔദ്യോഗിക തുടക്കം. ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയിൽ നടന്നു. നഗരത്തിനകത്തും പുറത്തുമായി 29 വേദികളിലായാണ് ആഘോഷ പരിപാടികൾ സജ്ജീകരിച്ചിരിക്കുന്നത്.

ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങൾക്ക് തിരിതെളിഞ്ഞതോടെ തലസ്ഥാനം പൂർണമായും ആഘോഷ ലഹരിയിലായി.

ടൂറിസം വകുപ്പിന്‍റെ ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യാതിഥികളായിരുന്നു

ആഘോഷരാവ് അവിസ്മരണീയമാക്കാൻ പാട്ടിന്‍റെ പാലാഴി തീർത്ത് കെ എസ് ചിത്രയും വേദിയിലെത്തി.

കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത ദൃശ്യ വിരുന്നുകളും ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തിന്‍റെ മാറ്റുകൂട്ടും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ അയ്യായിരത്തിലധികം കലാകാരന്മാർ പങ്കെടുക്കും. സെപറ്റംബർ 16നു വെള്ളയമ്പലത്തു നിന്നും കിഴക്കേകോട്ടയിലേക്ക് ഓണം ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.