ജനസാഗരത്തില്‍ അലയടിച്ച് ഉമ്മന്‍ ചാണ്ടി… അണപൊട്ടിയൊഴുകുന്ന സ്നേഹപ്രവാഹം; രാത്രിയിലും കാത്തുനിന്ന് ജനലക്ഷങ്ങള്‍

Jaihind Webdesk
Thursday, July 20, 2023

തിരുവനന്തപുരം: ആള്‍ക്കൂട്ടത്തെ ജീവവായുവാക്കിയ നേതാവിന് യാത്രാമൊഴിയേകാന്‍ അലയടിച്ചെത്തി ജനസാഗരം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് സാക്ഷിയാകുന്നത് മനുഷ്യമഹാസമുദ്രം. ജനങ്ങള്‍ക്കായി വിശ്രമമില്ലാതെ നിലകൊണ്ട നേതാവിനായി മഴയെ പോലും വകവെക്കാതെ തെരുവീഥികളില്‍ ഉറക്കമൊഴിച്ച് ജനം കാത്തുനിന്നു. വിലാപയാത്ര പുലർച്ചെ 5.30 ഓടെയാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽ നിന്നു ബുധനാഴ്ച 7.20 ഓടെ ആരംഭിച്ച വിലാപയാത്ര ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങളാണ്. എട്ടു മണിക്കൂറെടുത്താണ് വിലാപയാത്ര തലസ്ഥാന നഗരി കടന്നത്. രാത്രിയെയും മഴയെയും പോലും വകവെക്കാതെ ഇരച്ചെത്തിയ ആള്‍ക്കൂട്ടം തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തുനിന്നു. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്. മുദ്രാവാക്യം വിളികളോടെയും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ സ്വന്തം ഒസിയെ അവസാനമായി ഒരുനോക്ക് കാണാനായി ആള്‍ക്കൂട്ടം എത്തിയത്.

വഴിയോരങ്ങളില്‍ ജനലക്ഷങ്ങൾ കാത്തുന്നതിനാല്‍ പ്രതീക്ഷച്ചതിലും വളരെ സാവധാനം മാത്രമാണ് വിലാപയാത്രയ്ക്ക് കടന്നുപോകാന്‍ കഴിഞ്ഞത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് ജനനായകന്‍റെ അന്ത്യയാത്ര. ഉമ്മൻ ചാണ്ടിയുടെ കുടുംബവും കോൺഗ്രസ് നേതാക്കളും ബസില്‍ ഭൗതികശരീരത്തെ അനുഗമിക്കുന്നുണ്ട്. പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് 3.30നാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ജനസാഗരത്തില്‍ അലിഞ്ഞാണ് ജനക്കൂട്ടത്തെ ജീവശ്വാസമാക്കിയ നേതാവിന്‍റെ മടക്കമില്ലാത്ത യാത്രയും. ജീവിതം ജനങ്ങള്‍ക്കായി ഉഴിഞ്ഞുവെച്ച പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് നൂറുമടങ്ങായി ആ സ്നേഹം തിരിച്ചുകൊടുത്താണ് കേരളം അദ്ദേഹത്തിന് യാത്രാമൊഴിയേകുന്നത്.

 

 

May be an image of 6 people, temple and text that says "TOAE ഉമ്മൻചാണ്ടി സാറിന് വിട"