
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ജനുവരി 5 മുതൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ പാർട്ടി തീരുമാനിച്ചത്. ഗ്രാമസഭകൾ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.
യു.പി.എ സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന തൊഴിലുറപ്പ് നിയമം റദ്ദാക്കി, പകരം ‘വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺ ആക്ട്’ കൊണ്ടുവന്നതിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ പാരമ്പര്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഖാർഗെ പറഞ്ഞു. പുതിയ നിയമപ്രകാരം പദ്ധതി വിഹിതം സംസ്ഥാനങ്ങൾ കൂടി നൽകണമെന്ന വ്യവസ്ഥ, ഗ്രാമീണ മേഖലയിലെ ഈ ജീവനോപാധിയെ തകർക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
തൊഴിലുറപ്പ് വിഷയത്തിന് പുറമെ മറ്റു നിർണ്ണായക വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഖാർഗെ കടുത്ത ആശങ്ക രേഖപ്പെടുത്തി. ദീപു ചന്ദ്ര ദാസ്, അമൃത് മണ്ഡൽ എന്നിവരുടെ ആൾക്കൂട്ട കൊലപാതകത്തെ പാർട്ടി ശക്തമായി അപലപിച്ചു. കൂടാതെ, വോട്ടർ പട്ടിക പുതുക്കലിന്റെ പേരിൽ വോട്ടർമാരുടെ ജനാധിപത്യ അവകാശങ്ങൾ പരിമിതപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള തന്ത്രങ്ങളും ചർച്ച ചെയ്തു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കൊപ്പം തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാനുള്ള പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും യോഗം തീരുമാനിച്ചു.