മഹാരാഷ്ട്രയിലും ഒമിക്രോണ്‍; ഇന്ത്യയിലെ കേസുകളുടെ എണ്ണം 4 ആയി

Saturday, December 4, 2021

 

മുംബൈ : കർണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. താനെ ഡോംബിവാലി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാലായി.

സിംബാബ്‌വെയിൽ നിന്ന് എത്തിയ ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ 72 കാരന് ഇന്ന് അസുഖം സ്ഥിരീകരിച്ചിരുന്നു. സാമ്പിൾ പരിശോധനക്കായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. നേരത്തെ കർണാടകയിൽ വിദേശിയടക്കം രണ്ടു പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.66ഉം 46ഉം വയസ് പ്രായമുള്ള ഇവരുടെ നില ഗുരുതരമല്ല. ഇവരിലൊരാള്‍ ദുബായിലേക്ക് മുങ്ങിയിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ പത്ത് യാത്രികരെ കാണാതാവുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളിലും കർണാടക അന്വേഷണം നടത്തുകയാണ്. ഇവരുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്കു മാറ്റിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച 66കാരനായ ദക്ഷിണാഫ്രിക്കൻ പൗരൻ പ്രൈവറ്റ് ലാബിൽനിന്ന് ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ദുബായിലേക്ക് പോയിരുന്നു. കൂടാതെ ആഫ്രിക്കയിൽ നിന്നെത്തിയ പത്തു യാത്രികർ കോവിഡ് ടെസ്റ്റ് ചെയ്യാതെ എയർപോർട്ടിൽ നിന്ന് മുങ്ങുകയും ചെയ്തിരുന്നു. ഈ രണ്ടു സംഭവങ്ങളിലും അന്വേഷണം നടത്തുമെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക അറിയിച്ചു. ദുബായിലേക്ക് കടന്ന വിദേശിക്ക് ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കൊവിഡ് വ്യാപനം തടയണമെന്ന് ആവശ്യപ്പെട്ട് കേരളം അടക്കം നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തെഴുതി. കേരളം, തമിഴ്‌നാട്, ജമ്മു-കശ്മീർ, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കത്തെഴുതിയത്.