പുതിയ കൊവിഡ് വകഭേദം : ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ; വിമാന യാത്രകള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ്

Elvis Chummar
Saturday, November 27, 2021

 

ദുബായ് : പുതിയ കൊവിഡ് വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ, മൊസാംബിക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ യാത്രാവിലക്ക്.

ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ഇവര്‍ യുഎഇയില്‍ എത്തിയാല്‍ 10 ദിവസം ക്വാറന്‍റൈനില്‍ കഴിയണം.

സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. ഇനി കൂടുതല്‍ രാജ്യങ്ങള്‍ക്ക് കൂടി യുഎഇ വിലക്ക് ഏര്‍പ്പെടുത്തുമോ എന്നത് വ്യക്തമല്ല. ക്രിസ്മസ്-പുതുവര്‍ഷ അവധി സമയത്തുള്ള വിമാന യാത്രകള്‍ ഒഴിവാക്കണമെന്ന് യുഎഇ ഇക്കഴിഞ്ഞ ദിവസം രാജ്യത്തെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.