ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ കേസുകളുടെ എണ്ണം അഞ്ചായി

Jaihind Webdesk
Sunday, December 5, 2021

ദില്ലി : ഇന്ത്യയില്‍ അഞ്ചാമത്തെ ഒമിക്രോണ്‍ കേസ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്നെത്തിയ ആൾക്കാണ് കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താന്‍ നടപടികൾ ആരംഭിച്ചു. 11 പേരുടെ സാമ്പിളുകൾ പരിശോധന നടത്തിയതിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കർണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം റിപ്പോർട്ട് ചെയ്തത്. രണ്ട് പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ഇന്നലെ ​ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ 72കാരനും, മഹാരാഷ്ട്രയില്‍ 32കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലും പുതിയ കേസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം അഞ്ചായി.

കൂടുതൽ  ഒമിക്രോൺ കേസുകള്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ കര്‍ശന നിർദേശം നൽകി. അതേസമയം കർണാടക സർക്കാരിന്‍റെ കണക്കുകളില്‍ അവ്യക്തതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിദേശത്തുനിന്ന് എത്തിയ എല്ലാവർക്കും പരിശോധന നടത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ കാണിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.സഗ