ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; തമിഴ്നാട്ടില്‍ 34, കേരളത്തില്‍ 29, രാജ്യത്ത് ആകെ 341; ജാഗ്രത

Jaihind Webdesk
Friday, December 24, 2021

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 341 ആയി ഉയർന്നു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും.

തമിഴ്നാട്ടിൽ 34 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. കർണാടകയിൽ 12 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. തെലങ്കാനയിൽ 14 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രോഗികളുടെ എണ്ണം 38 ആയി. കേരളത്തിൽ 29 പേരാണ് രോഗ ബാധിതരായുള്ളത്.

സംസ്ഥാനങ്ങള്‍ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.  ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ഡല്‍ഹിയിൽ ചേര്‍ന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ രാത്രികാല കര്‍ഫ്യൂ അടക്കം നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താൻ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ എത്രയും വേഗം പൂര്‍ത്തീകരിക്കാനും തീരുമാനമായി.