ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ പങ്കെടുത്തു.
ജമ്മുകശ്മീർ ബിജെപി പ്രസിഡന്‍റ് രവീന്ദർ റെയ്നയെ പരാജയപ്പെടുത്തിയ സുരിന്ദർ ചൗധരി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സകീന ഇത്തൂ, ജാവേദ് അഹ്‌മദ് റാണ, ജാവേദ് അഹ്‌മദ് ധാർ, സതീഷ് ശർമ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിൽ മത്സരിച്ച 57 സീറ്റുകളിൽ 47 എണ്ണത്തിലും നാഷണൽ കോൺഫറൻസ് വിജയിച്ചിരുന്നു.
ഷേർ-ഇ-കശ്മീർ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്. ഗവർണർ മനോജ് സിൻഹ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കശ്മീരിനുള്ള പ്രത്യേക അധികാരം ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തത്. നാഷനൽ കോൺഫറൻസ് (എൻസി) ഉപാധ്യക്ഷനായ ഒമർ (54) രണ്ടാം തവണയാണ് മുഖ്യമന്ത്രിയാവുന്നത്. 2009 മുതൽ 2014 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.