ദുബായ്: ജൂണ്‍ ആറിന് ഏഴ് മലയാളികള്‍ ഉള്‍പ്പടെ, 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തില്‍ യുഎഇ കോടതി വിധി ഉത്തരവിട്ടു. ഇതനുസരിച്ച് , ബസ് ഓടിച്ചിരുന്ന 53 കാരനായ ഒമാന്‍ സ്വദേശി പൗരന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് കോടതി ശിക്ഷ വിധിച്ചു. കൂടാതെ, മരണപ്പെട്ട ഓരോരുത്തരുടെയും ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം (ഏകദേശം 37 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണി നല്‍കാനും കോടതി വിധിയിലുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഡ്രൈവറെ യുഎഇയില്‍ നിന്ന് നാടുകടത്തും.
ഇതിനിടെ, ബസ് അപകടത്തിന് കാരണമായത് തന്‍റെ പിഴവാണെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. തന്‍റെ തെറ്റായ പ്രവൃത്തി അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് ഒമാനിയായ ഡ്രൈവര്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ജിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ സ്ഥാപിച്ച ഇരുമ്പ് തൂണാണ് അപകടം വരുത്തിവെച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, കേസില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വ്യാഴാഴ്ച രാവിലെ ശിക്ഷ വിധിക്കുകയായിരുന്നു. ഏഴ് മലയാളികള്‍ ഉള്‍പ്പെടെ ആകെ 12 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചു. മറ്റു അഞ്ചു പേര്‍ വിവിധ രാജ്യക്കാരാണ്.