ഒമാനില്‍ കൊവിഡ് വീണ്ടും കൂടുന്നു : രാത്രി യാത്രാ വിലക്ക് പ്രഖ്യാപിച്ചു ; ഒക്ടോബര്‍ 11 മുതല്‍ 24 വരെ നിയന്ത്രണം

Jaihind News Bureau
Friday, October 9, 2020

മസ്‌കത്ത് :  ഒമാനില്‍ പുതിയ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍  സുപ്രീം കമ്മിറ്റി വീണ്ടും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ഒക്ടോബര്‍ 11 ഞായറാഴ്ച മുതല്‍ ഒമാനില്‍ രാത്രികാല യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. ഈ മാസം 24 വരെ നിയന്ത്രണം തുടരും.

രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. പൊതു സ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഒക്ടോബര്‍ 11ന് രാത്രി എട്ട് മുതല്‍ രാത്രി യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. ഇത് ഒക്ടോബര്‍ 24 പുലര്‍ച്ചെ അഞ്ച് വരെ തുടരും. ഇതോടൊപ്പം, ബീച്ചുകളിലേക്കുള്ള പ്രവേശനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിലക്കി. നേരത്തെ പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ മേഖലകള്‍ അടക്കും. കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഈ നടപടി. കുടുംബ, സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.