മസ്കറ്റ് : ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കഠിനമാക്കുന്നതിന്റെ ഭാഗമായാണ് ഒമാന്റെ ഈ തീരുമാനം. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കും ഒമാനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകിട്ട് ആറു മുതല്‍ വിലക്ക് ഇത് പ്രാബല്യത്തില്‍ വരും. ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണു ഈ സുപ്രധാന തീരുമാനം.
അതേസമയം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മാളുകളിലും ഷോപ്പുകളിലും വിലക്ക് ഏര്‍പ്പെടുത്തി. റസ്റ്റോറന്റുകളിലും കഫേകളിലും കോംപ്ലക്സുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകളില്‍ 12-ാം ക്ലാസ് ഒഴികെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്വദേശി പൗരന്മാര്, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് യാത്രാവിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.