അക്ഷരമുത്തശി വിടവാങ്ങി ; 106-ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മ അന്തരിച്ചു

Jaihind Webdesk
Friday, July 23, 2021

 

കൊല്ലം : അക്ഷര മുത്തശി കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥിയമ്മ അന്തരിച്ചു. 107 വയസായിരുന്നു. ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. നാരീശക്തി പുരസ്കാര ജേതാവാണ്. നൂറ്റിയാറാം വയസിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി മൻ കീ ബാത്തിൽ പരാമർശിച്ചിരുന്നു. സംസ്കാരം സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ  ഉച്ചയ്ക്ക് 2 മണിക്ക് പ്രാക്കുളത്തെ വീട്ടുവളപ്പിൽ നടക്കും.

തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് അക്ഷര മുത്തശിയെന്ന് വിളിക്കപ്പെട്ട ഭാഗീരഥിയമ്മ വിജയം സ്വന്തമാക്കിയത്. സംസ്ഥാന സാക്ഷരതാ മിഷന്‍ 2019 ല്‍ നടത്തിയ പരീക്ഷയായിരുന്നു അക്ഷര മുത്തശി എഴുതിയത്. 74.5 ആയിരുന്നു ഭാഗീരഥിയമ്മയുടെ വിജയ ശതമാനം. മലയാളം, നമ്മളും നമുക്ക് ചുറ്റും, ഇംഗ്ലീഷ്, ഗണിതം എന്നീ നാല് വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്. ഇംഗ്ലീഷ് 50 മാര്‍ക്കിനും മറ്റ് വിഷയങ്ങള്‍ 75 മാര്‍ക്കിനുമാണ്. ഗണിതത്തിന് മുഴുവന്‍ മാര്‍ക്കും മലയാളം, നമ്മളും നമുക്ക് ചുറ്റും വിഷയങ്ങള്‍ക്ക് 50 മാര്‍ക്കും ഇംഗ്ലീഷിന് 30 മാര്‍ക്കുമാണ് ഭാഗീരഥിയമ്മ നേടിയത്. ഇംഗ്ലീഷിന് 15 ഉം മറ്റ് വിഷയങ്ങള്‍ക്ക് 30മാണ് ജയിക്കാന്‍ വേണ്ടുന്ന മാര്‍ക്ക്. പ്രായാധിക്യം മൂലം പരീക്ഷയെഴുതാന്‍ ഏറെ പ്രയാസങ്ങള്‍ ഭഗീരഥി അമ്മയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

ഭഗീരഥി അമ്മയ്ക്ക് പഠിക്കാനും അറിവ് നേടാനും വളരെയധികം താത്പര്യമുണ്ടായിരുന്നു. അമ്മ മരിച്ചതിനുശേഷം ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ ഈ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു.