Paliyekkara toll| പഴയ നിരക്ക് തന്നെ…പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനഃരാരംഭിക്കും; അനുമതി നല്‍കി ഹൈക്കോടതി

Jaihind News Bureau
Friday, October 17, 2025

പാലിയേക്കര ടോള്‍ പിരിവില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ദേശീയപാത അതോറിറ്റിയുടെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി ഉപാധികളോടെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോള്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

അതേസമയം ടോള്‍ പുനഃസ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ല എന്ന് ഹര്‍ജിക്കാരായ ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റും കെ പി സി സി സെക്രട്ടറി ജോഷി കോടങ്കണ്ടത്തും പ്രതികരിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്. ടോള്‍ പിരിവ് പുനഃരാരംഭിക്കാന്‍ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായിരുന്നില്ല. കടുത്ത ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് സര്‍വീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചിരുന്നു.

മേഖലയിലെ ഗതാഗത കുരുക്കും റോഡിലെ പ്രശ്‌നങ്ങളും തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചതിനാല്‍ ടോള്‍ പിരിവ് പാടില്ല എന്ന് കോടതി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ സമയം വേണമെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ ടോള്‍ പിരിവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.