15 ദിവസത്തിനകം പെൻഷൻ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി പരിഹാരമുണ്ടായില്ല, വയോധികൻ തൂങ്ങി മരിച്ചു

Jaihind Webdesk
Tuesday, January 23, 2024

കോഴിക്കോട്: ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങി മരിച്ചു. പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് വയോധികൻ തൂങ്ങി മരിച്ചത്. ചക്കിട്ടപ്പാറ പഞ്ചാത്ത് മുതുകാട് വളയത്ത് ജോസഫ് (വി.പാപ്പച്ചൻ–77) ആണ് ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ തൂങ്ങി മരിച്ചത്.

ജോസഫ് നിരവധി തവണ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ജോസഫിന്‍റെ ഭാര്യ മരിച്ചിട്ട് ഒരു വർഷത്തോളമായി. തനിക്കും കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകൾക്കും പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവംബർ 9നാണ് ജോസഫ് അധികൃതർക്ക് പരാതി നൽകിയത്.  മന്ത്രി, ജില്ലാ കലക്ടർ, പെരുവണ്ണാമൂഴി  പോലീസ് എസ്എച്ച്ഒ, പഞ്ചാത്ത് സെക്രട്ടറി എന്നിവർക്കാണ് ജോസഫ് പരാതി നല്‍കിയത്. 15 ദിവസത്തിനകം പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു. തുടർന്ന് പോലീസ് ജോസഫിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു. എന്നാല്‍ ഒരു നീക്ക് പോക്കും കാണാത്തതിനെ തുടർന്ന് ഒരാഴ്ച മുൻപ് പഞ്ചായത്ത് സെക്രട്ടറിയുടെ അടുത്ത് വീണ്ടും ജോസഫ് പരാതി നൽകിയിരുന്നു.

അയൽവാസികളാണ് ജോസഫിനെ മരിച്ച നിലയിൽ കണ്ടത്.പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ കടം വാങ്ങി മടുത്തുവെന്നും പെൻഷൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തന്‍റെ മൂത്ത മകള്‍ ജിൻസി (47) കിടപ്പുരോഗിയാണെന്നും സഹായത്തിന് ആരുമില്ലെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.  വടിയുടെ സഹായത്തോടെയാണ് ഞാൻ നടക്കുന്നത്. ഞങ്ങൾ ജീവിക്കുന്നത് പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന വികലാംഗ പെൻഷൻ കൊണ്ടാണ്. പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്. കടം വാങ്ങി മടുത്തു. അതിനാല്‍ 15 ദിവസത്തിനകം എന്റെയും മകളുടെയും പെൻഷൻ അനുവദിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചു.  ഇല്ലെങ്കിൽ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാൻ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നുവെന്നും കത്തില്‍ പറഞ്ഞു.