ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ മിന്നല്‍ പരിശോധനയില്‍ തിരുവനന്തപുരത്ത് പഴകിയ മത്സ്യം പിടികൂടി | Video Story

Jaihind Webdesk
Monday, July 8, 2019

തിരുവനന്തപുരം കണ്ണിമാറ മാർക്കറ്റിൽ നിന്ന് പുഴുവരിച്ചതുൾപ്പെടെ നൂറ് കിലോയിലേറെ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യ, ആരോഗ്യ, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ആഴ്ചകളോളം പഴക്കമുള്ള മത്സ്യം പിടികൂടിയത്. ഐസ് ബോക്സിൽ സൂക്ഷിച്ച രീതിയിലായിരുന്നു മത്സ്യം. അതേ സമയം മത്സ്യം എത്തിക്കുന്ന ഇടനില കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്ന് മേയർ വി.കെ പ്രശാന്ത് വ്യക്തമാക്കി.

ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനിടെ മാർക്കറ്റുകളില്‍ പഴകിയ മത്സ്യം വില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ-ആരോഗ്യ-ഫിഷറീസ് വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു തിരുവനന്തപുരം പാളയം മാർക്കറ്റില്‍ പരിശോധന നടത്തിയത്. അമോണിയ ഉപയോഗിച്ചതും പഴകിയതും പുഴുവരിച്ചതുമായ 150 കിലോയിലേറെ മീനാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ചൂരയിലും നെയ്മീനിലുമാണ് ഏറ്റവുമധികം പ്രശ്നം. പിടിച്ചെടുത്ത മീനുകള്‍ക്ക് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. കണ്ണിമാറ മാര്‍ക്കറ്റില്‍ ഐസുപെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മത്സ്യം.

അതേസമയം മത്സ്യം എത്തിക്കുന്ന ഇടനില കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്ന ആവശ്യവുമായി വില്‍പനക്കാർ രംഗത്തെത്തിയത് നേരിയ സംഘർഷത്തിനും ഇടയാക്കി. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മീന്‍ മാർക്കറ്റിലുള്ളവർ തടഞ്ഞതോടെയാണ് വാക്കേറ്റത്തിനും തുടര്‍ന്ന് സംഘർഷത്തിനും വഴിവെച്ചത്. മത്സ്യം എത്തിക്കുന്ന ഇടനില കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്ന് മേയർ ഉറപ്പ് നല്‍കി. പഴകിയ മത്സ്യം പിടിച്ചെടുത്തതോടെ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മേയര്‍ അറിയിച്ചു.