അജിത്കുമാറിനെതിരെ നടപടി വൈകുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി; നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

Jaihind News Bureau
Tuesday, April 15, 2025

പി വിജയന്‍ ഐപിഎസിനെതിരെ വ്യാജ മൊഴി നല്‍കിയ എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി. ഡിജിപിയുടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും കേസെടുക്കിന്നില്ല. മുഖ്യമന്ത്രിയുടെ ഇടപടലെന്ന ആക്ഷേപവും ശക്തം. അജിത് കുമാറിനെതിരെ ഉടന്‍ നടപടിയില്ലെന്നാണ് സൂചന.

നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും കാണിക്കുന്നത്. കൂടാതെ ആരോപണ വിധേയനായ അജിത് കുമാറിനെ ഡിജിപി തസ്തികയിലേക്കുള്ള ലിസ്റ്റില്‍ പരിഗണിക്കാനും പിണറായി വിജയന്‍ മറന്നില്ല. എന്തൊരു കരുതലാണ് ഈ മനുഷ്യന് എന്ന് തോന്നിപ്പോകും വിധമാണ് എം.ആര്‍ അജിത് കുമാറിനെ പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. എന്നാല്‍ പോലീസ് വിഭാഗത്തില്‍ തന്നെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.

തനിക്കെതിരെ വ്യാജ മൊഴി നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പി.വിജയന്‍ പരാതിയുമായി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി നിയമോപദേശം തേടിയത്. അതിന്റെ അടിസ്ഥാനത്തില്‍ സിവിലായും ക്രിമിനലായും അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയിട്ട് ദിവസങ്ങളായി. ഇതുവരെ അതിന്‍മേല്‍ നടപടി എടുക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിക്കെതിരെയാണ് ഒരു വിഭാഗം പോലീസുകാര്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്.