പരിഭാഷയിലെ പിഴവില്‍ ഉദ്യോഗസ്ഥർ വിശദീകരണം നല്‍കണം ; നടപടി നിയമ മന്ത്രി തീരുമാനിക്കും

Jaihind News Bureau
Tuesday, February 4, 2020

തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ മലയാള പരിഭാഷയില്‍ ഗുരുതരമായ തെറ്റ് വരുത്തിയ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചു. നിയമവകുപ്പിലെ ആറ് അഡീഷണല്‍ സെക്രട്ടറിമാരോടാണ് നിയമവകുപ്പ് സെക്രട്ടറി കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച ഇംഗ്ലീഷ് പ്രസംഗം മൊഴിമാറ്റം ചെയ്തപ്പോള്‍ തെറ്റ് കടന്നുകൂടിയ വാർത്ത പുറത്ത് വന്നിരുന്നു.

നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്താണ് പരിഭാഷ നടത്തിയപ്പോൾ ഗുരുതര വീഴ്ച ഉണ്ടായത്. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള പതിനെട്ടാം ഖണ്ഡിക ഗവര്‍ണര്‍ വായിക്കില്ലെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ തന്നെ വളരെ ശ്രദ്ധിച്ചു തയ്യാറാക്കിയ പതിനെട്ടാം ഖണ്ഡിക തന്നെ പരിഭാഷപ്പെടുത്തിയപ്പോൾ ഉദ്യോഗസ്ഥരുടെ പിഴവിൽ തെറ്റി. ‘നമ്മുടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്‍റെ ഓരോ അംശത്തിനും വിരുദ്ധമായതിനാൽ ഒരിക്കലും മതത്തിന്‍റെ അടിസ്ഥാനത്തിലാകാൻ കഴിയില്ല’ എന്നാണ് പരിഭാഷയിൽ പറഞ്ഞിരുന്നത്. എന്നാൽ ‘ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതനിരപേക്ഷതയുടെ ഓരോ അംശത്തിനും എതിരാണ് മതം അടിസ്ഥാനമാക്കിയുള്ള പൗരത്വം’ എന്നായിരുന്നു ആ സ്ഥാനത്ത് യോജിച്ച ശരിയായ പരിഭാഷ.

ഇതോടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉദ്ദേശിച്ചതിന് നേരെ വിരുദ്ധമായ അര്‍ത്ഥം വരുന്നവിധത്തില്‍ പരിഭാഷപ്പെടുത്തിയത് സര്‍ക്കാരിനും നിയമസഭയ്ക്കും വലിയ നാണക്കേടുണ്ടാക്കി. കൂടാതെ തെറ്റ് തിരുത്തി കുറിപ്പ് പ്രസിദ്ധീകരിക്കേണ്ട സാഹചര്യവും ഉണ്ടായി. പ്രസംഗത്തിന്‍റെ തര്‍ജമയില്‍ പലയിടത്തും തെറ്റുണ്ടായെന്നും വാക്യഘടനയിലും ശൈലിയിലും പിഴവുകള്‍ വന്നുമെന്നുമാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

ഇംഗ്ലീഷ് പ്രസംഗം നിയമ വകുപ്പിലെ സ്പെഷൽ സെക്രട്ടറിയുടെ കീഴില്‍ ആറ് അഡീഷനൽ സെക്രട്ടറിമാരാണ് മലയാളത്തിലേക്ക് തര്‍ജമ ചെയ്തത്. പരിഭാഷപ്പെടുത്തിയ പ്രസംഗം ക്രോഡീകരിച്ചതിന് ശേഷം എല്ലാവരും വായിച്ചു കേള്‍ക്കും. എന്നിട്ടാണ് അന്തിമ അംഗീകാരം നല്‍കി അച്ചടിക്ക് നല്‍കുക. വീഴ്ച ഉണ്ടായത് തിരക്ക് കൊണ്ട് സംഭവിച്ചതാണെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം നല്‍കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇത് സംബന്ധിച്ച് നടപടി വേണോ എന്നതിന് മന്ത്രി എ.കെ ബാലനാണ് അന്തിമ തീരുമാനമെടുക്കുക.