ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിക്കപ്പെട്ടു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്വന്‍റി 20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീര്‍ എത്തുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ വരുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ജയ് ഷാ ട്വിറ്ററിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. ടീമിന്‍റെ പുതിയ ഹെഡ് കോച്ചായി ഗംഭീറിനെ സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു. ആധുനിക ക്രിക്കറ്റിലെ മാറ്റങ്ങള്‍ ഗംഭീര്‍ വളരെ അടുത്തുനിന്ന് വീക്ഷിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ജയ് ഷാ പറഞ്ഞു.
2021 നവംബറിലാണ് രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലക കുപ്പായമണിയുന്നത്. മൂന്ന് വര്‍ഷം നീണ്ട സേവനത്തിന് ടി 20 ലോകകപ്പോടെ വിരാമമിടുമെന്ന് ദ്രാവിഡ് തന്നെ അറിയിക്കുകയായിരുന്നു. ഈ ടൂര്‍ണമെന്‍റാണ് ടീമിനൊപ്പമുള്ള തന്‍റെ അവസാന ദൗത്യമെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തോടെ രാജകീയമായാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വന്മതില്‍ എന്നറിയപ്പെടുന്ന ദ്രാവിഡ് പടിയിറങ്ങുന്നത്.