
തിരുവനന്തപുരം ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെയും വാർഡ് കൗൺസിലറുടെയും ഓഫീസുകൾ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് സർക്കാരിന് പരാതി. ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഓഫീസുകൾ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള രഹസ്യ വാടക കരാറിന്റെ മറവിലാണ് നേടിയെടുത്തതെന്നാണ് പ്രധാന ആരോപണം. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ എംഎൽഎ ഓഫീസ് അനുവദിച്ചതിൽ വ്യക്തമായ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെയും സുതാര്യതയില്ലാതെയും ഉണ്ടാക്കിയ രഹസ്യ വാടക കരാറാണ് ഇതിന് പിന്നിലെന്നും, അതിനാൽ ഈ കെട്ടിടം അടിയന്തരമായി ഒഴിപ്പിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു.
വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തും ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖയും തമ്മിൽ ഇതേ ഓഫീസിനെ ചൊല്ലി തർക്കം നിലനിൽക്കുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ബിജെപി കൗൺസിലറായ ശ്രീലേഖ ഓഫീസ് ഒഴിയണമെന്ന് എംഎൽഎയോട് ആവശ്യപ്പെട്ടത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാടക കരാറിലെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ട് പുതിയ പരാതി ഉയർന്നിരിക്കുന്നത്.
വാടക കരാർ പ്രകാരം അടുത്ത മാർച്ച് വരെ കെട്ടിടത്തിൽ തുടരാൻ അവകാശമുണ്ടെന്നാണ് വി.കെ. പ്രശാന്തിന്റെ നിലപാട്. എന്നാൽ, കരാർ തന്നെ അവിശുദ്ധമാണെന്ന പുതിയ ആരോപണം എംഎൽഎയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സർക്കാർ ഈ പരാതിയിൽ എന്ത് നടപടി സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും വട്ടിയൂർക്കാവ് എംഎൽഎ ഓഫീസിന്റെ ഭാവി.