തിരുവനന്തപുരം : കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ പ്രൊട്ടോക്കോള്‍ കാറ്റില്‍ പറത്തി എകെജി സെന്‍ററില്‍ നടത്തിയ കേക്ക് മുറിക്കല്‍ ആഘോഷത്തിനെതിരെ കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ്. മുഖ്യമന്ത്രിയും കൂട്ടരും ലംഘിച്ചത് നിലവിലെ നിയന്ത്രണങ്ങള്‍ മാത്രമല്ല, ഭരണഘടനയുടെയും ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചെയ്തത്.
നിയമലംഘനം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാതെയുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നടപടിയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഡിജിപിക്കും പരാതി പോയിരുന്നു. ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. എം മുനീറാണ് പരാതി നല്‍കിയത്.
ട്രിപ്പിള്‍ ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ഒത്തുചേരലുകള്‍ നിരോധിച്ചിരിക്കെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം എകെജി സെന്‍ററില്‍ വിജയാഘോഷം സംഘടിപ്പിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെയായിരുന്നു ആഘോഷം. ട്രിപ്പിൾ ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതില്‍ ഐപിസി 188, ദുരന്ത നിവാരണ നിയമം വകുപ്പ് 51 , കേരള പകർച്ചവ്യാധി നിയമം വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.