കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് നേരെ അശ്ലീല സന്ദേശവും ഫോണ്‍വിളിയും

Jaihind Webdesk
Wednesday, May 19, 2021

കോഴിക്കോട് : കൊവിഡ് സന്നദ്ധ പ്രവർത്തനത്തില്‍ കര്‍മനിരതയായി രംഗത്തുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളും ഫോൺ വിളികളും. മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ നാടിന് താങ്ങായി മാറാന്‍ സധൈര്യം മുന്നോട്ടുവന്ന പേരാമ്പ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക മേഘയ്ക്കാണ് ദുരനുഭവമുണ്ടായത്.

യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി മേഘ തന്‍റെ ഐഡി കാർഡ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ ഇത് ദുരുപയോഗം ചെയ്യുകയായിരുന്നു. ഒട്ടേറെ പേർ ഫോണിൽ വിളിക്കുകയും വാട്സാപ്പിലൂടെ മറ്റും അശ്ലീല ചുവയോടെ സംസാരിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നുവെന്ന് മേഘ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം മേഘ വെളിപ്പെടുത്തിയത്. വൃത്തികെട്ട മനോഭാവത്തോടെയല്ല, വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മേഘ ഓര്‍മപ്പെടുത്തുന്നു.

സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ യൂത്ത് കെയർ എന്ന പേരിൽ സന്നദ്ധ സേന രൂപീകരിച്ചുകൊണ്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. കൊവിഡ് രോഗികൾക്കും മറ്റ് രോഗികൾക്കും മരുന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും യൂത്ത് കെയർ പ്രവർത്തകർ എത്തിച്ചു നൽകുന്നുണ്ട്. അതോടൊപ്പം തന്നെ ആശുപത്രികളിൽ രക്തദാനം നടത്തിയും കൊവിഡ് മൂലം മരണപ്പെടുന്നവരുടെ ശവസംസ്കാര ചടങ്ങുകൾ ഏറ്റെടുത്തും യൂത്ത് കോൺഗ്രസും യൂത്ത് കെയറും കൊവിഡ് പ്രവർത്തനങ്ങളുടെ മുന്‍നിരയിലുണ്ട്.

യൂത്ത് കെയർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഫോണിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആണ്. പ്രവർത്തകരുടെ മൊബൈൽ നമ്പറുകൾ പരമാവധി എല്ലാതരം ജനവിഭാഗങ്ങളിലേക്കും എത്തിക്കുന്നുമുണ്ട്. എന്നാല്‍ ദുരന്തകാലത്തുപോലും ഇത് ദുരുപയോഗം ചെയ്യാനാണ് ഒരു വിഭാഗത്തിന്‍റെ ശ്രമമെന്നത് ദുഃഖകരമാണ്.

 

മേഘയുടെ ഫേസ്ബുക്ക് പോസ്റ്റ് :

പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് കെയർ വളണ്ടിയർ പ്രവർത്തനങ്ങളുടെ ഭാഗമായി എൻറെ ഫോൺ നമ്പർ അടങ്ങിയിരിക്കുന്ന ഐഡൻറിറ്റി കാർഡ് ഫോട്ടോ ഞാൻ ഇന്ന് രാവിലെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചി ട്ടുണ്ടായിരുന്നു .

ഇതിനെതിരെ വളരെ മോശം ആയിട്ടുള്ള അനുഭവമാണ് ചില ആളുകളുടെ ഭാഗത്തുനിന്നു എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. നല്ലൊരു ഉദ്ദേശത്തോടുകൂടി ഞാൻ പോസ്റ്റ് ചെയ്ത ആ ഐഡൻറിറ്റി കാർഡിൽ നിന്ന് എൻ്റെ നമ്പർ എടുക്കുകയും ചില ആളുകൾ യാതൊരു കാരണവും കൂടാതെ വിളിച്ചും മെസ്സേജ് ചെയ്തും ബുദ്ധിമുട്ടിക്കുകയാണ്.കൊറോണ പോലുള്ള ഈ വിപത്ത് നേരിടുന്ന ഈ കാലഘട്ടത്തിൽ എൻ്റേതായ രീതിയിൽ നാടിനെ സേവിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവർത്തനത്തിൻ്റെ ഭാഗമായി ചെയ്ത ആ പോസ്റ്റിൻ്റെ ശരിയായ ഉദ്ദേശം മനസ്സിലാക്കാതെ തീരെ തരം താഴ്ന്ന രീതിയിൽ പ്രതികരിച്ചവരോട് ഒരു അപേക്ഷ, ദയവുചെയ്ത് വിവേകത്തോടുകൂടി പ്രവർത്തിക്കേണ്ട സമയമാണിത്. അന്യോന്യം സഹായിച്ചും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ട സമയമാണിത്, ഇതിന് പകരം വൃത്തികെട്ട ചിന്താഗതിയുമായി സേവന മനോഭാവമുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്.

ഞങ്ങളുടെ യൂത്ത് കെയർ ഗ്രൂപ്പ് ഏത് ആപത്ത് ഘട്ടത്തിലും അവശത അനുഭവിക്കുന്നവർക്കൊപ്പം ഉണ്ടാകും.അവശ്യമരുന്നുകൾ എത്തിച്ച് നൽകാനും കൊറോണ രോഗികളെ ആശുപത്രിയിൽ എത്തിക്കുക തുടങ്ങി അനേകം പ്രവർത്തങ്ങളുമായി രംഗത്തുണ്ട്. അവശ്യ ഘട്ടത്തിൽ വിളിക്കാനുള്ള യൂത്ത് കെയർ വളണ്ടിയർമാരുടെ നമ്പർ ചുവടെ ചേർക്കുന്നു.