എക്‌സ്പ്രസ് വേയില്‍ നടുറോഡില്‍ അശ്‌ളീല ചേഷ്ട; ബിജെപി നേതാവിന്റെ ഭര്‍ത്താവ് ഒളിവില്‍, കേസെടുത്തു

Jaihind News Bureau
Saturday, May 24, 2025


മന്ദ്സൗര്‍ (മധ്യപ്രദേശ്): എക്‌സ്പ്രസ് വേയില്‍ പട്ടാപ്പകല്‍ യുവതിയോടൊപ്പം ലൈംഗിക ചേഷ്ടകളില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ ബിജെപി പിന്തുണയുള്ള പഞ്ചായത്ത് നേതാവിന്റെ ഭര്‍ത്താവ് മനോഹര്‍ലാല്‍ ധാക്കഡ് ഒളിവില്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ പ്രതിഷേധമുയര്‍ന്നു. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് മനോഹര്‍ലാല്‍ ധാക്കഡിനും കൂട്ടുപ്രതിക്കുമെതിരെ പ്രസക്തമായ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് മധ്യപ്രദേശ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് പൊതുസ്ഥലത്ത് അശ്‌ളീല ചേഷ്ടകള്‍ക്ക് കുടുങ്ങിയത്. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ മെയ് 13നായിരുന്നു സംഭവം. എട്ട് വരി പാതയും അതീവ സുരക്ഷയുമുള്ള ഈ പാതയിലെ നിരീക്ഷണ ക്യാമറകളിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മനോഹര്‍ലാല്‍ ധാക്കഡ് എന്ന് തിരിച്ചറിഞ്ഞ ഇയാള്‍, ഒരു സ്ത്രീയോടൊപ്പം എക്‌സ്പ്രസ് വേയുടെ നടുവില്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ദൃശ്യങ്ങളില്‍ കാണുന്ന വെളുത്ത കാര്‍ ധാക്കഡിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് മധ്യപ്രദേശ് പോലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ധാക്കഡിനും കൂട്ടുപ്രതിക്കുമെതിരെ പോലീസ് കേസെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ ധാക്കഡിനെക്കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ധാക്കഡിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്തുവന്നതോടെ വിവാദം കൂടുതല്‍ ശക്തമായി. ഇയാളുടെ ഭാര്യ സോഹന്‍ ബായി, മന്ദ്സൗറിലെ ബാനി ഗ്രാമത്തിലെ വാര്‍ഡ് നമ്പര്‍ 8ല്‍ നിന്നുള്ള സര്‍പഞ്ചും ജില്ലാ പഞ്ചായത്ത് അംഗവുമാണ്. എന്നാല്‍, സംഭവത്തെ അപലപിക്കുന്നതായും ധാക്കഡ് പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും ബിജെപി വ്യക്തമാക്കി.

‘മനോഹര്‍ലാല്‍ ധാക്കഡ് ബാനി ഗ്രാമത്തിലെ താമസക്കാരനാണ്, എന്നാല്‍ ബിജെപിയുടെ പ്രാഥമിക അംഗമല്ല. അദ്ദേഹത്തിന്റെ ഭാര്യ പഞ്ചായത്ത് പദവി വഹിക്കുന്നുണ്ട്, പക്ഷേ പാര്‍ട്ടിയുമായി അദ്ദേഹത്തിന് ഔപചാരിക ബന്ധമില്ല,’ മന്ദ്സൗര്‍ ബിജെപി ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിത് പറഞ്ഞു. അതേസമയം, ധാക്കഡ് മഹാസഭ യുവജന യൂണിയന്റെ ഭാരവാഹി സ്ഥാനത്തുനിന്നും മനോഹര്‍ലാല്‍ ധാക്കഡിനെ നീക്കം ചെയ്തിട്ടുണ്ട്.