നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി ഉത്തരവ് ; ഡല്‍ഹി ജി.ബി പന്ത് ആശുപത്രി നടപടിക്കെതിരെ പ്രതിഷേധം

Jaihind Webdesk
Saturday, June 5, 2021

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് മലയാളം സംസാരിക്കുന്നതിന് വിലക്ക്. ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയിലാണ് നടപടി. ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വാദം.

 

 

അതേസമയം ആശുപത്രി നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ആശുപത്രിയിലെ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. മലയാളികളല്ലാത്ത രോഗികളോട് ഹിന്ദിയിലോ ഇംഗ്ലീഷിലോ തന്നെയാണ് സംസാരിക്കുന്നതെന്ന് നഴ്സുമാർ പറയുന്നു. മലയാളികളായ സഹപ്രവർത്തകരോട് മാത്രമാണ് മലയാളത്തില്‍ സംസാരിക്കുന്നത്. വ്യക്തിപരമായതൊഴിച്ച് തൊഴിലിനെ ബാധിക്കുന്ന യാതൊരു സംഭാഷണവും ഉണ്ടാകുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.