സമ്മര്‍ദ്ദത്തിലാക്കാന്‍ സ്ഥലംമാറ്റം; ബിഷപ്പിനെതിരായ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം; കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

സ്ഥലമാറ്റിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ നിരന്തരം ശ്രമം നടക്കുന്നുവെന്ന് കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടി. സാക്ഷികളായ തങ്ങള്‍ക്ക് നിരന്തര ഭീഷണിയുണ്ട്, സ്ഥലംമാറ്റം സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടിയാണെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

എത്രയുംവേഗം കുറ്റപത്രം സമര്‍പ്പിച്ച് കേസ് വേഗത്തിലാക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. കേസ് നീണ്ടു പോയാല്‍ തങ്ങള്‍ സമ്മര്‍ദ്ദത്തിലാകുമെന്നും സാക്ഷിമൊഴി നല്‍കാന്‍ സാധിക്കാതിരിക്കുമെന്നും ഇവര്‍ പറയുന്നു.

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ കേസിലെ പ്രധാന സാക്ഷികളാണ തങ്ങള്‍ തങ്ങെളെ അടുത്തിടെ മദര്‍ ജനറാള്‍ സ്ഥലം മാറ്റിയിരുന്നു, തങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്, മരുന്നിനും യാത്രക്കു പോലും സഭയില്‍ നിന്ന് പണം കിട്ടുന്നില്ല, തങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞ കുറെ നാളായി ശ്രമങ്ങള്‍ നടക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടി.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷിപറയുകയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുകയും ചെയ്ത കന്യാസ്ത്രീകളെ വെവ്വേറെ സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയിരിക്കുന്നത്.

ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരില്‍ ഒരാള്‍ ഒഴിച്ച് ബാക്കിയെല്ലാവര്‍ക്കും കേരളത്തിന് പുറത്തേക്കാണ് സ്ഥലംമാറ്റം. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാല്‍ റജീന കടംതോട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സഭാ നിയമങ്ങള്‍ അനുസരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും ഇത് ലംഘിച്ചെന്നും കാണിച്ചാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നു.

സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. പരാതിക്കാരിയായ സിസ്റ്ററെ ഒറ്റയ്ക്ക് നിര്‍ത്തി പോകില്ലെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുര്‍ബലപ്പെടുത്താനാണെന്നും കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഒഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കി. കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ഹൈക്കോടതി ജംക്ഷനില്‍ എസ്ഒഎസ് നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Comments (0)
Add Comment