NUNS ARRESTED| കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമം ഒറ്റപ്പെട്ടതല്ല; ബിജെപി സര്‍ക്കാരുകള്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതായും സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Monday, July 28, 2025

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തിയവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണം. വാദികളെ പ്രതികളാക്കുന്ന നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ അക്രമം ഒറ്റപ്പെട്ട സംഭവമല്ല . നേരത്തെ ഒഡീഷയിലും ജബല്‍ പൂരിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കന്യാസ്ത്രീകളെ ജയിലില്‍ അടച്ച സംഭവത്തില്‍ കെപിസിസി ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികളാണ് ബിജെപിയും അവര്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളും ചെയ്യുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരും അവര്‍ക്കു പിന്തുണയാകുന്ന സംസ്ഥാന സര്‍ക്കാരുകളും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് . ബിജെപിയുടെ ഭരണഘടന വിരുദ്ധവും പക്ഷപാതപരമായ നിലപാടിനുമുള്ള പ്രകടമായ തെളിവാണിത്.കേന്ദ്ര സര്‍ക്കാരും അനുബന്ധ സര്‍ക്കാരുകളും കുറ്റവാളികള്‍ക്ക് സഹായം ചെയ്യുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ് . ഇതിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉയരണം. കോണ്‍ഗ്രസ് എംപിമാരും പ്രതിപക്ഷവും ഇതിനെതിരെ ശക്തമായി രംഗത്ത് വരും. ബന്ധുക്കള്‍ക്കൊപ്പം റെയില്‍വേ സ്റ്റേഷനില്‍ എത്തിയവരെ സ്വീകരിക്കാനായി എത്തിയ കന്യാസ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. ഭരണഘടന നല്‍കുന്ന അവകാശം പോലും നിഷേധിക്കുന്ന നിലപാടാണിത്. ക്രിസ്തുമസിന് കേക്കും മറ്റും വിതരണം ചെയ്യുന്ന ബിജെപിയുടെ ഉള്ളില്‍ വര്‍ഗീയതയും മതവിദ്വേഷവും ആണുള്ളത് . പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇക്കാര്യത്തില്‍ മൗനം വെടിയണണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുക്കുന്നത് തെറ്റാണെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.