NUNS ARREST| കന്യാസ്ത്രീകളുടെ അറസ്റ്റ്: യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും; ജാമ്യാപേക്ഷയില്‍ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു

Jaihind News Bureau
Thursday, July 31, 2025

 

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ, യുഡിഎഫ് എംപിമാര്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഇതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുകയാണ്. അതിനിടെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരിയും ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ്ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ആഗ്രയിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള ഒരു ആശുപത്രിയില്‍ ജോലി ലഭിച്ച മൂന്ന് യുവതികളെയും ഒരു യുവാവിനെയും ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

ടി.ടി.ഇ ടിക്കറ്റ് പരിശോധിക്കുകയും പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്‌ഫോം ടിക്കറ്റില്ലെന്ന് കണ്ടെത്തുകയും ചെയ്തതിനെത്തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കന്യാസ്ത്രീകള്‍ തങ്ങളെ കൂട്ടാന്‍ വരുന്നുണ്ടെന്ന് പെണ്‍കുട്ടികള്‍ അറിയിച്ചത്. എന്നാല്‍, ഇത് വിശ്വാസത്തിലെടുക്കാതെ ടി.ടി.ഇ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് പ്രതിഷേധമുയര്‍ത്തുകയും കന്യാസ്ത്രീകളെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അവഹേളിക്കുകയും ചെയ്ത ശേഷം പോലീസില്‍ പരാതി നല്‍കി.

ഇതിനെത്തുടര്‍ന്ന്, കന്യാസ്ത്രീകള്‍ക്കെതിരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 143-ാം വകുപ്പും, ഛത്തീസ്ഗഡിലെ മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ കന്യാസ്ത്രീകളെ അടുത്ത മാസം എട്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കന്യാസ്ത്രീകളുടെ അറസ്റ്റ് ദേശീയതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഹൈബി ഈഡന്‍, ബെന്നി ബഹന്നാന്‍, കെ. സുധാകരന്‍ തുടങ്ങിയ എംപിമാര്‍ നേരത്തെ തന്നെ ഈ വിഷയം പാര്‍ലമെന്റില്‍ അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നല്‍കിയ നോട്ടീസുകള്‍ തള്ളിയിരുന്നുവെങ്കിലും, ഇന്നലെ ലോക്‌സഭയിലെ ശൂന്യവേളയില്‍ എംപിമാര്‍ വിഷയം ഉന്നയിക്കുകയും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. കന്യാസ്ത്രീകളെയല്ല, അവരെ ആക്രമിച്ച ഗുണ്ടകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

ഇന്നത്തെ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ കന്യാസ്ത്രീകളുടെ മോചനത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് എംപിമാര്‍. ഈ വിഷയം പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കും.