മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. ജാമ്യം ലഭിക്കുമെന്നാണ് സഭാ നേതൃത്വത്തിന്റെ അടക്കം പ്രതീക്ഷ. അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
എട്ടാം ദിവസവും കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുകയാണ്. ഇന്നലെ ജാമ്യാപേക്ഷ നല്‍കാനായിരന്നു തീരുമാനം എാന്നാല്‍ അമിത് ഷായുമായി കൂടികാഴ്ച്ച നടത്തിയതിന് ശേഷം അപേക്ഷ നല്‍കാനുള്ള സമയം അതിക്രമിച്ചിരുന്നു. ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ അമിത് ഷായെ കണ്ടതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയത്.
ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കില്ലെന്നും അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നു നേതാക്കള്‍ അറിയിച്ചു. അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി ഇന്നലെയും രംഗത്തെത്തിയിരുന്നു. പൊലീസ് ചെയ്യുന്നത് അവരുടെ ജോലിയാണെന്നാണ് നടപടികളെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ന്യായീകരിച്ചത്. കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവതികളെയും മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായി യുവതികള്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ബജ്‌റംഗ്ദല്‍ നേതാവ് ജ്യോതി ശര്‍മ മര്‍ദിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. അവര്‍ പറഞ്ഞതനുസരിച്ച് മൊഴി നല്‍കാനും കേസ് എടുക്കാനും നിര്‍ബന്ധിച്ചതായും യുവതികള്‍ വെളിപ്പെടുത്തി.