തിരുവനന്തപുരം: മന്നം ജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ് ആക്ടിന്‍റെ പരിധിയില്‍പ്പെടുത്തി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന എന്‍.എസ്.എസിന്‍റെ ആവശ്യം ഗൗരവമായി പരിഗണിച്ചിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി പൊള്ളത്തരമാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രണ്ട് തവണ ഇതുസംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ സർക്കാർ തയാറായില്ലെന്ന് സുകുമാരന്‍ നായർ കുറ്റപ്പെടുത്തി.
പുതിയതായി അവധികളൊന്നും അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്‍റെ പൊതുവായ നയം, അതുകൊണ്ട് താങ്കളുടെ ആവശ്യം പരിഗണിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ മറുപടി. രണ്ടാമത്തെ നിവേദനത്തിന് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ്‌സ് ആക്ട് പ്രകാരം 15 ദിവസത്തിലധികം പൊതുഅവധി അനുവദിക്കരുതെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശമുണ്ടെന്നും എന്നിരുന്നാലും ഇത്തരത്തിലുള്ള 15 ല്‍ കൂടുതല്‍ അവധികള്‍ അനുവദിച്ച സാഹചര്യത്തിലും പുതുിയതായി അവധികള്‍ ഒന്നും അനുവദിക്കേണ്ടതില്ലെന്ന പൊതുനയത്തിന്‍റെ അടിസ്ഥാനത്തില്‍ താങ്കളുടെ അപേക്ഷയിലെ ആവശ്യം അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു രണ്ടാമത്തെ മറുപടി. വസ്തുതകള്‍ ഇതായിരിക്കെ മുഖ്യമന്ത്രിയുടെ മറുപടിയിലെ പൊള്ളത്തരം ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.
സാമ്പത്തിക സംവരണം നടപ്പാക്കാൻ മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാൻ ആകാത്തത് തെരഞ്ഞെടുപ്പ് മൂലമാണെന്ന വിശദീകരണം വസ്തുതാവിരുദ്ധമാണെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടി. ഉള്ള കാര്യങ്ങള്‍ പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.