
പെരുന്ന: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ നിലപാട് സമദൂരമായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സംഘടനയ്ക്ക് പ്രത്യേക എതിര്‍പ്പില്ലെന്നും തിരഞ്ഞെടുപ്പ് നിലപാടില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് സുകുമാരന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു. ശബരിമലയുടെ കാര്യത്തില്‍ മാത്രമാണ് എന്‍എസ്എസിന് ‘ശരിദൂര’ നിലപാടുള്ളത്. എന്നാല്‍ മറ്റെല്ലാ രാഷ്ട്രീയ കാര്യങ്ങളിലും സംഘടന ‘സമദൂര’ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കും. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലവില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയതുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. അയ്യപ്പ സംഗമത്തില്‍ നിന്ന് വിട്ടുനിന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍എസ്എസിന്റെ പങ്കാളിത്തത്തെ രാഷ്ട്രീയമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ ആരും കരുവാക്കാന്‍ നോക്കേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.