എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യ ചര്‍ച്ചകള്‍ അവസാനിച്ചു; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ജി. സുകുമാരന്‍ നായര്‍

Jaihind News Bureau
Monday, January 26, 2026

 

പെരുന്ന: എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യ ചര്‍ച്ചകളുടെ അധ്യായം എന്‍എസ്എസ് പൂര്‍ണ്ണമായും അടയ്ക്കുന്നു. ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് തീരുമാനമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് പ്രമുഖ ഹൈന്ദവ സംഘടനകള്‍ യോജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. എന്നാല്‍ ഈ യോജിപ്പിനായി മുന്നിട്ടിറങ്ങിയവര്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് ബോധ്യപ്പെട്ടതായി സുകുമാരന്‍ നായര്‍ ആരോപിച്ചു. പ്രത്യേകിച്ച്, ചര്‍ച്ചകള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടി നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ‘ചര്‍ച്ചകള്‍ നടത്താന്‍ മകനായാലും രാഷ്ട്രീയ നേതാവായ ഒരാളെ നിയോഗിക്കാന്‍ പാടില്ലായിരുന്നു. തുഷാറിനെ ചര്‍ച്ചകള്‍ക്ക് വിടാന്‍ അനുവാദം ചോദിച്ചപ്പോള്‍ തന്നെ പാടില്ലെന്ന് താന്‍ വെള്ളാപ്പള്ളിയെ നേരിട്ട് അറിയിച്ചിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഐക്യം നടപ്പിലായാല്‍ എന്‍എസ്എസ് കാലങ്ങളായി പിന്തുടരുന്ന ‘സമദൂര’ നിലപാട് പ്രായോഗികമാകുമോ എന്ന ആശങ്കയും സുകുമാരന്‍ നായര്‍ പങ്കുവെച്ചു. ‘എന്‍എസ്എസിന് ഒറ്റയ്ക്ക് മുന്നോട്ട് പോകാനുള്ള എല്ലാ സാഹചര്യവുമുണ്ട്. ഞാന്‍ സംസാരിക്കുന്നത് സമുദായത്തിന് വേണ്ടിയാണ്. അവര്‍ ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന് അറിയില്ല,’ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള നിലപാടില്‍ മാറ്റമില്ലെന്നും എല്ലാവരോടും സൗഹൃദം പുലര്‍ത്തി സമദൂരത്തില്‍ തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.