മുന്നാക്കക്കാരില്‍ നടക്കുന്ന സർവേയില്‍ അതൃപ്‍തി പ്രകടിപ്പിച്ച് എന്‍എസ്എസ്

Saturday, October 2, 2021

തിരുവനന്തപുരം : മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായ പിന്നാക്കാവസ്ഥ കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സര്‍വേ രീതിയെ വിമര്‍ശിച്ച് എന്‍എസ്എസ്. തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന് മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വിവര ശേഖരണം നടത്തുക. എന്നാല്‍ മുഴുവന്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന ഇത്തരം സര്‍വേയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വ്യക്തമായ വിവരം കിട്ടില്ലെന്നാണ് എന്‍എസ്എസിന്‍റെ വിമര്‍ശം.

സര്‍വേ ആധികാരിക രേഖയായി മാറുന്നതാണ്. യോഗ്യരായവരെക്കൊണ്ട് സര്‍വേ ആധികാരികമായി നടത്തണം. സര്‍വേ പ്രഹസനം ആക്കരുതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. കുടുംബശ്രീകൾ വഴി സര്‍വേ നടത്താനാണ് തീരുമാനം. സംസ്ഥാന കമ്മിഷന്‍റെ സാമൂഹിക സാമ്പത്തിക സര്‍വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് മന്ത്രിസഭാ അനുമതി നല്‍കി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്താൻ 75 ലക്ഷം രൂപ അനുവദിച്ചു.