ലൗ ജിഹാദ് പരാമർശം : മന്ത്രി മുഹമ്മദ് റിയാസും എഎ റഹീമും പ്രതികരിക്കണമെന്ന് എന്‍എസ് നുസൂർ

Jaihind Webdesk
Wednesday, April 13, 2022

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിന്‍റെ പ്രണയ വിവാഹത്തെ ലൗ ജിഹാദ് എന്ന് വിളിച്ച സിപിഎം നേതാവിന്‍റെ പരാമർശത്തില്‍ മന്ത്രി മുഹമ്മദ് റിയാസും എഎ റഹീമും പ്രതികരിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍എസ്  നുസൂർ. സഖാവ് മുഹമ്മദ്‌ റിയാസും വീണ വിജയനും അതുപോലെ സഖാവ് റഹീമും അമൃതയും വിവാഹം ചെയ്തത് എന്തുകൊണ്ട് സാമുദായിക സ്പർദ്ധ വളർത്തി കലാപമുണ്ടാക്കാനുള്ള സാധ്യതയായി വ്യാഖ്യാനിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.

മതനിരപേക്ഷതക്ക് വേണ്ടി സംസാരിക്കുന്ന സംസ്ഥാന മന്ത്രികൂടിയായ മുഹമ്മദ്‌ റിയാസും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീമും ഈ വിഷയത്തിൽ പ്രതികരിക്കണം. സാധാരണ പ്രവർത്തകനെ മതസമുദായിക വിഷയങ്ങളുടെ പേരിൽ കൊത്തിവലിക്കുമ്പോൾ ബലിയാടാക്കാൻ വിട്ടുകൊടുക്കുന്നതല്ല “യഥാർത്ഥ മതനിരപേക്ഷ യുവത്വം”ചെയ്യേണ്ടതെന്നും എന്നും നുസൂർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

കോഴിക്കോട് കോടഞ്ചേരിയിൽ ഭൂമികുലുക്കമുണ്ടാക്കിക്കൊണ്ടിരിക്കുന്ന സഖാവ് ഷെജിന്റെയും ജോയ്സ്ന ജോസഫിന്റെയും വിവാദ പ്രണയവിവാഹത്തിൽ DYFI എന്ന പ്രസ്ഥാനത്തിന്റെ നിലപാട് അറിയാൻ വളരെയേറെ ആഗ്രഹമുണ്ട്. ദിവസവും മൂന്ന് നേരം ഭക്ഷണത്തോടൊപ്പം “മതനിരപേക്ഷത”കൂടി കലക്കി കുടിക്കാൻ ആഹ്വാനം ചെയ്യുന്ന സിപിഎം ഈ സഖാവിനെതിരെ നടപടി എടുക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നു. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഞാൻ ഒരുങ്ങുന്നില്ല. ആ ചെറുപ്പക്കാരന് നട്ടെല്ലുറപ്പുണ്ടെങ്കിൽ അവൻ അവിടെത്തന്നെ ജീവിച്ചു കാണിക്കണം എന്നതാണ് വ്യക്തിപരമായി എന്റെ നിലപാട് . അത് പറയാൻ എനിക്ക് അർഹതയുള്ളതുകൊണ്ട് എന്നോർമിപ്പിക്കട്ടെ. അതൊന്നുമല്ല ചർച്ച വിഷയം. സഖാവ് മുഹമ്മദ്‌ റിയാസും വീണ വിജയനും അതുപോലെ സഖാവ് റഹീമും അമൃതയും വിവാഹം ചെയ്തത് ഇതേ നിലപാടിലല്ലേ? അവരുടെ വിവാഹം നടന്നപ്പോൾ എന്തുകൊണ്ട് ഈ ഭൂമികുലുക്കം ഉണ്ടായില്ല? എന്തുകൊണ്ട് പാർട്ടി നടപടി എടുക്കാൻ തയ്യാറായില്ല? എന്തുകൊണ്ട് അത് സാമുദായിക സ്പർദ്ധ വളർത്തി കലാപമുണ്ടാക്കാനുള്ള സാധ്യതയായി വ്യാഖ്യാനിക്കപ്പെട്ടില്ല?
മതനിരപേക്ഷതക്ക് വേണ്ടി സംസാരിക്കുന്ന സംസ്ഥാന മന്ത്രികൂടിയായ മുഹമ്മദ്‌ റിയാസ് ഈ വിഷയത്തിൽ പ്രതികരിക്കണം.ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം ഈ വിഷയത്തിൽ പ്രതികരിക്കണം. അതറിയാൻ പൊതുസമൂഹത്തിന് താല്പര്യമുണ്ട്. കാരണം അവർ രണ്ട് പേരും സമാനചിന്താഗതിയിൽ മുന്നോട്ട് പോകുന്നവരാണ്.സാധാരണ പ്രവർത്തകനെ മതസമുദായിക വിഷയങ്ങളുടെ പേരിൽ കൊത്തിവലിക്കുമ്പോൾ ബലിയാടാക്കാൻ വിട്ടുകൊടുക്കുന്നതല്ല “യഥാർത്ഥ മതനിരപേക്ഷ യുവത്വം”ചെയ്യേണ്ടത് എന്നോർക്കുക…