എംഎം മണിയുടെയും പികെവിയുടെയും പേരിലുള്ള ഹോട്ടലുകളുടെ പട്ടയവും റദ്ദാക്കുമോ? പുറത്തുവരാനിരിക്കുന്നത് കോടികളുടെ അഴിമതിക്കഥകളെന്ന് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, January 22, 2022

തിരുവനന്തപുരം : രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്യുമ്പോൾ എംഎം മണിയുടെയും പികെവിയുടെയും പേരിലുള്ള ഹോട്ടലുകളുടെ പട്ടയവും റദ്ദ് ചെയ്യപ്പെടുമോ എന്ന ചോദ്യവുമായി യൂത്ത് കോൺഗ്രസ്‌. പാവങ്ങളെ മറയാക്കി വീണ്ടും കോടികളുടെ അഴിമതിക്ക് വേണ്ടി സിപിഎമ്മും സിപിഐയും കൈകോർക്കുകയാണെന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ് നുസൂർ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

എന്‍.എസ് നുസൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്യുന്നു എന്ന് കേട്ടപ്പോൾ ഓർമ്മ വന്നത് പണ്ട് മൂന്നാറിൽ സഖാവ് വിഎസ്സിന്റെ വാക്ക് കേട്ട് പുലിയിറങ്ങിയ സംഭവമാണ്. അവസാനം പുലി മാത്രം ബലിയാടായത് ചരിത്രം. രാത്രി വെളിപ്പിക്കാൻ സ്വന്തമായി കൂരയില്ലാത്ത ദരിദ്രനാരായണന്മാർക്ക് അവർ കെട്ടിയ കുടിലുകൾക്ക് പട്ടയം നൽകാൻ എന്നുള്ളതിന്റെ മറവിൽ നടന്ന ആഭാസമാണ് ദേവികുളം ഡെപ്യൂട്ടി തഹൽസിദാറായിരുന്ന എം ഐ രവീന്ദ്രനിലൂടെ കേരളം കണ്ടത്. ആരൊക്കെയാണ് അതിന്റെ മറവിൽ പട്ടയം വാങ്ങിയ ദരിദ്രന്മാർ. അർഹതപ്പെട്ട കാലയളവിൽ കുടിൽ കെട്ടി താമസിക്കുകയായിരുന്നു എന്ന് പറഞ്ഞു അപേക്ഷ നൽകിയ മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായർ. .അപേക്ഷയിൽ പറഞ്ഞ കാലയളവിൽ ആദ്ദേഹം മുഖ്യമന്ത്രിയായി ഔദ്യോഗിക കുടിലിൽ ആയിരുന്നു. പിന്നെ മറ്റൊരാൾ എന്തും പറയാൻ സിപിഎം ലൈസൻസ് നൽകിയിട്ടുള്ള മണിയാശാൻ. അദ്ദേഹം മന്ത്രിയായപ്പോൾ കുടുംബ പശ്ചാത്തലം വ്യക്തമായി ചാനലുകാരോട് പറയുകയും ചെയ്തു. ഇവരെപ്പോലെ ഒട്ടനവധി ആളുകൾ. എന്നാൽ അർഹരായിട്ടുള്ളവർ ഉൾപ്പെട്ടിട്ടില്ല എന്നല്ല. അവരുമുണ്ട്. എന്നാൽ അവർക്കൊന്നും ആ സ്ഥലത്തിനായി ഇപ്പോൾ അവകാശവാദം ഉന്നയിക്കാനാകില്ല . മണിയാശാന് സർക്കാർ ദാനം നൽകിയ 25 സെന്റ് സ്ഥലത്ത് ഇപ്പോൾ സിപിഎമ്മിന്റെ പാർട്ടിഓഫീസിന്റെ മറവിൽ ഹോട്ടൽ എസ് എൻ അനക്സ് എന്ന 3 സ്റ്റാർ ഹോട്ടലാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കുന്നു. പി കെ വി യുടെ പേരിലുള്ളതിൽ മൂന്നാർ ടൂറിസ്റ്റ് ഹോമും. എന്തായാലും രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്യുമ്പോൾ ഇതൊക്ക സർക്കാർ ഏറ്റെടുക്കുമോ? അതോ ഈ പാവപ്പെട്ടവർക്കും കുടുംബത്തിനുമായി റെഗുലറൈസ് ചെയ്ത് നൽകുമോ എന്ന സ്വാഭാവിക സംശയം ഉണ്ട്. ബാക്കിയുള്ള അപേക്ഷകരാരും അർഹതപ്പെട്ടവരല്ല എന്ന അവകാശവാദം ഒരു ഭാഗത്ത് നിലനിൽക്കുമ്പോൾ അവകാശപ്പെട്ടവരുമുണ്ടാകാം എന്നും കരുതേണ്ടിയിരിക്കുന്നു. എന്നിരുന്നാലും പാവപ്പെട്ടവർക്ക് നൽകുവാനുള്ള ഭൂമി അവരുടെ മറവിൽ വൻകിട റിസോർട്ട്കൾക്കായി അനുവദിച്ചുനൽകിയത് ഒട്ടനവധി വിവാദങ്ങൾ സൃഷ്ട്ടിച്ചതല്ലേ? പാവപ്പെട്ട വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയെതൊക്കെ ഫയലിലാക്കി കോടതിയിൽ നൽകാതെ ഫ്രീസറിലും വച്ചു. ഇപ്പോൾ രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്യാൻ ഇറങ്ങിത്തിരിക്കുമ്പോൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്ക് അത് നിലനിർത്താൻ എത്ര ലക്ഷത്തിനാണ് കച്ചവടം ഉറപ്പിക്കുന്നത് എന്നറിയാൻ ഞങ്ങൾക്കും അവകാശം ഉണ്ട്. പാവങ്ങളുടെ മറവിൽ സിപിഎമ്മും സിപിഐയ്യും ചേർന്ന് നടത്തുന്ന വൻ സാമ്പത്തിക അഴിമതിയുടെ കഥകൾ കേരളം കാണാനിരിക്കുന്നതേയുള്ളൂ..