‘കത്വയിലും കണ്ണൂരിലും കുരുന്നുകളെ പിച്ചിച്ചീന്തിയവരുടെ മനസ് ഒന്നു തന്നെയല്ലെ ? ഡിവൈഎഫ്ഐ പുനർവിചിന്തനത്തിന് തയ്യാറാകണം’

Jaihind Webdesk
Tuesday, July 6, 2021

തിരുവനന്തപുരം : സ്ത്രീപീഡനക്കേസുകളില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്. ഏറ്റവും ഒടുവില്‍ വണ്ടിപ്പെരിയാറില്‍ ആറു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതി അർജുനും ഡിവൈഎഫ്ഐക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സംഘടനയ്ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂർ. ഇനി ഒരു മാതാപിതാക്കളും കണ്ണീർ കുടിക്കരുതെന്നും ഡിവൈഎഫ്ഐ പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഓരോ വാർത്തകൾക്കും ഒന്നോ രണ്ടോ ദിവസത്തെ പ്രതിഷേധങ്ങളോടെ തിരശീല വീഴുന്നു. കത്വയിലെ ആസിഫയെന്ന ബാലികയുടെ ദാരുണമായ അന്ത്യം ഇന്ത്യൻ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്നാണ്. അന്ന് ആ സംഭവത്തിലെ പ്രതികളായ സംഘപരിവാറുകാർക്കെതിരെ പ്രതിഷേധസ്വരം ഉയർത്തിയവരുടെ കൂടെ ഡിവൈഎഫ്ഐ എന്ന സംഘടനയുണ്ടായിരുന്നു. ഇന്ന് അതേ മനസോടുകൂടി ഡിവൈഎഫ്ഐ എന്ന സംഘടനയുടെ സജീവ പ്രവർത്തകൻ ഒരു പൊന്നുമോളെ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു. അത്‌ കൊണ്ട് ആ സംഘടന മുഴുവൻ അത്തരക്കാരാണെന്ന അഭിപ്രായം ഞങ്ങൾക്കില്ല. പക്ഷെ ഒരു കാര്യം ഡിവൈഎഫ്ഐ നേതൃത്വം മനസിലാക്കണം. സമാന ചിന്താഗതിയുള്ളവർക്ക് അഭയം നൽകാൻ നിങ്ങൾ ഉണ്ടാകും എന്ന അവരുടെ വിശ്വാസമാണ് ഇതിനെല്ലാം മൂലകാരണം. അതേ മാനസികാവസ്ഥയാണ് ഉത്തരേന്ത്യയിൽ സംഘപരിവാറിന്റേതും. ഇത് അവസാനിപ്പിക്കണമെങ്കിൽ ഡിവൈഎഫ്ഐ സമൂലമായ മാറ്റത്തിന് മനസ്സ് കാട്ടണം. ക്വട്ടേഷൻ, മയക്കുമരുന്ന് ഇടപാടുകളിൽ സംരക്ഷണം നൽകുന്നതിൽ നിന്നും നേതാക്കൾ പിന്മാറണം.’-നുസൂർ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.