തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിരക്കായതിനാല്‍ വര്‍ഗീസ് ഹാജരായിരുന്നില്ല.
കരുവന്നൂര്‍ കളളപ്പണ കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ഇഡി നേരത്തെയും പല തവണ ചോദ്യം ചെയ്തിരുന്നു. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടു മുമ്പ് കരുവന്നൂര്‍ കേസിലും സിഎംആര്‍എല്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ഊര്‍ജിതമാക്കുകയും കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസം വര്‍ഗീസിന് ഒന്നിന് പിറകെ ഒന്നായി ഇഡി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കും ചുമതലകളും ഉള്ളതിനാല്‍ വോട്ടെടുപ്പിന് ശേഷം ഹാജരാക്കാമെന്നായിരുന്നു വര്‍ഗീസ് നല്‍കിയ മറുപടി. തുടര്‍ച്ചയായി ഹാജരാകാതിരുന്ന വര്‍ഗീസിനോട് നാളെ ഹാജരാകാനാണ് ഇഡിയുടെ നിര്‍ദേശം.
കേസിലെ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത സ്വത്തും പണവും തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്ന് ഇഡി അറിയിച്ചിരുന്നു. 54 പ്രതികളില്‍ നിന്നായി 108 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. നിക്ഷേപകരില്‍ നിന്ന് എടുത്ത പണം റിയല്‍ എസ്റ്റേറ്റ്, ബിസിനസ് മേഖലകളില്‍ നിക്ഷേപിച്ചതായാണ് ഇഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.