
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍മന്ത്രി കടകം പള്ളി സുരേന്ദ്രനെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയില്‍ ശബരിമലയില്‍ നടന്ന ഇടപാടുകള്‍ അന്നത്തെ മന്ത്രിയുടെ അറിവോടെയാണ് എന്ന് വ്യക്തമാക്കുന്നതാണ്. ഇതോടെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രത്യേക അന്വേഷണസംഘം എന്നാണ് സൂചന.
പ്രധാനമായും പത്മകുമാറിന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കാനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായോ എന്ന് ഉറപ്പിക്കാനുമാണ് ചോദ്യം ചെയ്യല്‍. കടകം പള്ളിക്ക് നോട്ടീസ് നല്‍കി വിളിപ്പിക്കാനുള്ള ആലോചനകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ ഇനി എന്ത് പറഞ്ഞ് ന്യായീകരിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ ആലോചന. കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് സ്വര്‍ണക്കൊള്ള മുഴുവന്‍ നടന്നിരിക്കുന്നത്. ആ സമയത്തെ രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ് കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍.
നിലവിലെ എംഎല്‍എ കൂടിയായ കടകംപള്ളിയെ ചോദ്യം ചെയ്താല്‍ പോലും അത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ഒന്നായി മാറും. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തുന്ന വേളയില്‍ പഴയ ക്യാപ്‌സ്യൂള്‍ പ്രയോഗം നടക്കില്ലെന്ന ബോധ്യം സിപിഎമ്മിനുമുണ്ട്.