നവകേരള സദസ് കടയ്ക്കല്‍ ദേവീക്ഷേത്ര മൈതാനത്ത് അനുവദിക്കരുത്; വേദി മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി

Jaihind Webdesk
Wednesday, December 13, 2023

 

കൊല്ലം: ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസിന്‍റെ വേദി കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനി നിശ്ചയിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ക്ഷേത്ര മൈതാനിയില്‍ നിന്ന് പരിപാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വിശ്വാസിയും കോൺഗ്രസ് നേതാവുമായ മണ്ണൂർ ബാബു ആണ് കോടതിയെ സമീപിച്ചത്. ഡിസംബർ 20-നാണ് മണ്ഡലത്തിലെ നവകേരള സദസ്.

നവകേരള സദസ് പോലെയുള്ള പരിപാടികൾ ക്ഷേത്രഭൂമിയില്‍ സംഘടിപ്പിക്കാനുള്ള സർക്കാർ നീക്കം വിശ്വാസികളുടെ അവകാശം നിഷേധിക്കലും ഹൈക്കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈന്ദവ ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ ക്ഷേത്ര ഭൂമി ഉപയോഗിക്കാനുള്ള നീക്കത്തില്‍ വിശ്വാസികള്‍ക്ക് പ്രതിഷേധമുണ്ട്. നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പല അനിഷ്ടസംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിപാവനമായ ദേവീക്ഷേത്ര അങ്കണം ഇത്തരമൊരു പരിപാടിക്ക് വേദിയാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. വിഗ്രഹ പ്രതിഷ്ഠ ഇല്ലാത്ത അപൂർവം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് കടയ്ക്കല്‍ ദേവീ ക്ഷേത്രം. ഭക്തർ പരിപാവനമായി കാണുന്ന തെക്കൻ കേരളത്തിലെ പ്രധാന ക്ഷേത്രമായ കടയ്ക്കൽ ദേവീ ക്ഷേത്രാങ്കണം നവകേരള സദസിന് വേദിയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനിയിലെ നവകേരള സദസിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്  ഹൈക്കോടതി അഭിഭാഷകനായ ശങ്കു ടി ദാസും നോട്ടീസ് അയച്ചിട്ടുണ്ട്.