നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ മാറ്റി നിര്‍ത്തും; പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു

Jaihind News Bureau
Sunday, March 23, 2025

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയതുമായി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സുപ്രീം കോടതി പുറത്തുവിട്ടു. സുപ്രീം കോടതിയുടെ വെബ്‌സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രത്യേക സമതി അന്വേഷണം നടത്തും.

യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും കണ്ടെത്തിയ നോട്ടുകെട്ടുകളും കത്തികരിഞ്ഞ നോട്ടുകെട്ടുകളുടെ ചിത്രങ്ങളടക്കമാണ് സുപ്രീംകോടതി പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച രേഖകളും പുറത്ത് വിട്ടിട്ടുണ്ട്. സുപ്രീംകോടതിയുടെ വെബ്‌സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ആരോപണത്തില്‍ കഴമ്പുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് വര്‍മയുടെ മറുപടിയും റിപ്പോര്‍ട്ടിലുണ്ട്. നോട്ടുകെട്ടുകള്‍ സംഭവത്തില്‍ പ്രത്യേക സമതി അന്വേഷണം നടത്തും. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധാവാലിയ, മലയാളിയും കര്‍ണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമന്‍ എന്നിവരുടെ സമിതിയാണ് അന്വേഷിക്കുക. അതേസമയം ജസ്റ്റിസ് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു നടപടികള്‍. ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമിലാണ് മാര്‍ച്ച് 14ന് തീപ്പിടിച്ചത്. തീയണച്ച ശേഷം നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് ഫയര്‍ഫോഴ്‌സും പൊലീസ് ഉദ്യോഗസ്ഥരും മുറിയില്‍ നിന്ന് കത്തിയ നിലയുള്ള കറന്‍സി നോട്ടുകള്‍ കണ്ടെത്തുന്നത്. എന്നാല്‍ സംഭവ സമയത്ത് താന്‍ വസതിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് ജസ്റ്റിസ് വര്‍മ്മയുടെ വിശദീകരണം. ഇതിനിടെ യശ്വന്ത് വര്‍മ ഉള്‍പ്പെടെ ഏതാനും പേര്‍ക്കെതിരെ 2018 ല്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത വഞ്ചനക്കേസിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു.