“എന്‍റെ അറിവോ സമ്മതത്തോടെയോ അല്ല”; സ്വന്തം പാര്‍ട്ടിയുടെ ജാള്യത മറയ്ക്കാന്‍ ബിജെപിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു; വികെ ശ്രീകണ്ഠന്‍ എംപി

Jaihind Webdesk
Tuesday, April 25, 2023

തിരുവനന്തപുരം :വന്ദേ ഭാരത് ട്രെയിനില്‍ പോസ്റ്ററ്‍ പതിപ്പിച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് വികെ ശ്രീകണ്ഠന്‍ എംപി. സ്വന്തം പാര്‍ട്ടിയുടെ ജാള്യത മറയ്ക്കാന്‍ ബിജെപിക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു. സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അക്കാര്യം മനസ്സിലാവും. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാനും ഉണ്ടായിരുന്നു. പൊലീസും ഇന്‍റലിജന്‍സും ആര്‍പിഎഫും ഉള്‍പ്പെടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. അവരെ മറികടന്ന് പോസ്റ്റര്‍ പതിച്ചുവെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. ട്രെയിന്‍ വന്നു നിന്നപ്പോള്‍ മഴവെള്ളത്തില്‍ പോസ്റ്റര്‍ നനച്ച് ട്രെയിനിന്‍റെ മുകളില് വെച്ച് ഫോട്ടോ എടുത്തതാണെന്നാണ് അന്വേഷിച്ചപ്പോള്‍ മനസിലാക്കാന്‍ സാധിച്ചതെന്നും തന്‍റെ ഫോട്ടോ പതിക്കാന്‍ ഞാന്‍ പറയുമെന്ന് കരുതുന്നുണ്ടോ എന്നും വികെ ശ്രീകണ്ഠന്‍ ചോദിച്ചു. ആരോ മനപ്പൂര്‍വ്വം ചെയ്തതാണ് ഇതില്‍ തന്‍റെ അറിവോ സമ്മതമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുമുതല്‍ നശിപ്പിക്കുന്ന ഒരു കേസില്‍ പോലും പ്രതിയല്ലാത്ത താന്‍ ഇത് പ്രോത്സാഹിപ്പിക്കില്ലെന്നും. ഷൊര്‍ണൂരില്‍ നിന്നും ട്രെയിന്‍ വിടുമ്പോള്‍ അതിന്‍റെ മുകളില്‍ ഒരു പോസ്റ്ററും ഇല്ല. വ്യാജ പ്രചാരണം വിശ്വസിക്കരുത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോസ്റ്റര്‍ ഒട്ടിച്ചില്ല. അഭിവാദ്യ ചിത്രം വെച്ച് ഫോട്ടോ എടുത്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. ട്രെയിനിന് പോറല്‍ പോലും ഏല്‍പ്പിക്കില്ല. ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ വന്നതാണ്.
വേണമെങ്കില്‍ ഷൊര്‍ണ്ണൂരും പാലക്കാടും പോസ്റ്റര്‍ ഒട്ടിക്കാന്‍ സാധിക്കും പക്ഷെ ഇത്തരം അപക്വമായ കാര്യങ്ങള്‍ ചെയ്യുന്നവരല്ല തങ്ങളെന്നും  തനിക്കെകിരെ സോഷ്യല്‍ മീഡിയയില്‍ ഗൂഢാലോചന നടക്കുകയാണെന്നും വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.