പുല്ലുക്കര പാറാലിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ,
കൊലപാതകത്തിന് നേതൃത്വം കൊടുത്തവരുടെ നേതാക്കളുമായി സമാധാന ചർച്ചക്കില്ലെന്ന് ജില്ലാ കലക്ടറേറ്റിലെ സമാധാന ചർച്ച ബഹിഷ്ക്കരിച്ച് സതീശൻ പാച്ചേനി പറഞ്ഞു. സിപിഎം നേതാക്കളുടെ പിൻബലത്തിൽ ആസൂത്രണം ചെയ്തതാണ് മൻസൂറിന്റെ കൊലപാതകം. ഡിവൈഎഫ്ഐ യുടെ മേഖലാ ട്രഷറർ സുഹൈലിന്റെ നേതൃത്വത്തിലാണ് കൊലപ്പെടുത്താനുള്ള
ആയുധങ്ങൾ സംഘടിപ്പിച്ചതും കൊലപാതകത്തിന് മുൻകൈ എടുത്തതും.
കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹസിനും നാട്ടുകാരും സംഭവ സ്ഥലത്ത് നിന്ന്
പിടിച്ചു കൊടുത്ത പ്രതിയെ അല്ലാതെ മറ്റൊരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
ഒരു പ്രതിയെ അറസ്റ്റ് ചെയ്തതിനു ശേഷം കൃത്യത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ ഉണ്ടെന്നിരിക്കെ പോലീസ് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ല. പ്രതികൾ രക്ഷപ്പെടുന്നതിന് പോലീസ് സഹായമുണ്ടായി എന്നത് ഇതിൽ നിന്ന് വ്യക്തമാണ്. ക്രൂരമായ കൊലപാതകത്തിന് നേതൃത്വം നൽകിയ പ്രതികളെ ആദ്യം പോലീസ് അറസ്റ്റ് ചെയ്യട്ടെ അതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടത്തിന്റെ നടപടികളോട് സഹകരിക്കാം എന്നുള്ളതാണ് സമാധാനചർച്ച ബഹിഷ്കരിക്കാനുള്ള കാരണം.
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതക കേസിലും പ്രതികളെ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുത്താൻ . ആയുധങ്ങൾ കണ്ടെടുക്കാതെ പോലീസ് പ്രവർത്തിച്ചത് നമ്മുടെ മുമ്പിലുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ സൈബർ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആധുനികമായ അന്വേഷണ രീതി ഉപയോഗിക്കാമെന്നിരിക്കെ രണ്ട് ദിവസമായിട്ടും മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് ദുരൂഹമാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരു പ്രതിയെ പിടിച്ചു കൊടുത്തിട്ട് പോലും മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചിട്ടുള്ളത്. സമാധാനയോഗം യു.ഡി.എഫ് നേതാക്കൾ ബഹിഷ്ക്കരിച്ചതിനെതിരെ രംഗത്ത് വന്ന സി.പി.എം നേതാക്കളുടെ വാക്കുകൾ ചെകുത്താന്റെ വേദമോതൽ മാത്രമായിട്ട് മാത്രമേ കാണാൻ കഴിയുകയുള്ളു എന്നും സതീശൻ പാച്ചേനി പറഞ്ഞു.