കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടാത്തത് സർക്കാർ ഒളിച്ചുകളി: കെഎസ്‌യു

Jaihind Webdesk
Friday, May 26, 2023

 

മലപ്പുറം: ഹയർ സെക്കന്‍ഡറി പഠന നിലവാരം സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്‌ സർക്കാരിന് സമർപ്പിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും പുറത്തുവിടാത്തത് ഒളിച്ചുകളി ആണെന്ന് കെഎസ്‌യു ആരോപിച്ചു.
ഹയർസെക്കന്‍ഡറി പ്രവേശന പ്രതിസന്ധി സംബന്ധിച്ച ചർച്ച ഉയർന്നു വരുമ്പോൾ മുപ്പത് ശതമാനം സീറ്റ് വർധനവ് വരുത്തി പ്രശ്നം അവസാനിപ്പിക്കുന്ന സ്ഥിരം സർക്കാർ നാടകം അംഗീകരിക്കില്ലെന്നും കെഎസ്‌യു വ്യക്തമാക്കി.

50 വിദ്യാർത്ഥികൾ വേണ്ട ഒരു ക്ലാസിൽ മുപ്പത് ശതമാനം സീറ്റ് വർധിപ്പിച്ച് മുന്നോട്ടു പോയാൽ വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷത്തെ അവ പ്രതികൂലമായി ബാധിക്കും. മിക്ക ജില്ലകളിലും ഇത്തരത്തിൽ സീറ്റ്‌ വർധിപ്പിച്ചതിനെ തുടർന്ന് എഴുപതിനു മുകളിൽ പോലും വിദ്യാർത്ഥികൾ ഉണ്ടാവുന്നത് വഴി വിദ്യാർത്ഥി സൗഹൃദമായ പഠനാന്തരീക്ഷം ഇല്ലാതാവുകയാണ്. അതുകൊണ്ട് തന്നെ അധിക ബാച്ചുകൾ ജില്ലകളിൽ അനുവദിച്ച് മുഴുവൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നതിനു പകരം ഭൗതിക സൗകര്യം ഒരുക്കാതെയും, ആവശ്യത്തിനു അധ്യാപകരെ നിയമിക്കാതെയുമുള്ള സീറ്റ് വർധനവ് കൊണ്ട് പ്രശ്നം പരിഹരിക്കാം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത് എങ്കിൽ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അഡ്വ ഇ. കെ അൻഷിദ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, ഷംലിക് കുരിക്കൾ, റഹ്മത്തുള്ള മൂന്നാലിങ്ങൾ, സച്ചിൻ ടി പ്രദീപ്‌, ആദിൽ കെ.കെ.ബി, സുദേവ് പി, ആസിഫ് കൈപ്പമംഗലം, അബിമോൻ തോമസ് എന്നിവർ സംസാരിച്ചു.