തൃശ്ശൂരിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനില്‍ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ തൃശ്ശൂരില്‍ വോട്ട് ചേര്‍ക്കാന്‍ നല്‍കിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനില്‍ അക്കര തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നത്. തൃശൂരില്‍ നടന്ന ക്രമക്കേടിന്റെ കൂടുല്‍ വിവരങ്ങളാണ് ദിനംപ്രതി പുറത്തു വരുന്നത്.
തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദം കനക്കുമ്പോഴും അനുദിനം പുതിയ തെളിവുകള്‍ പുറത്തുവരികയാണ്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവര്‍ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടെന്നാണ് അനില്‍ അക്കര ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിക്കുന്നത്. ഒരാള്‍ക്ക് ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമേ കൈവശം വയ്ക്കാന്‍ പറ്റൂകയുള്ളൂ എന്നിരിക്കെയാണ് ഗുരുതര കുറ്റം ഇരുവരും ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കുറിക്കുന്നു. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് WLS 0136077 എന്ന ഐഡി കാര്‍ഡ് നമ്പരിലും ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാര്‍ഡ് നമ്പരിലുമാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ പട്ടികയില്‍ സുഭാഷിന്റെ വോട്ട് FVM 1397173 എന്ന ഐഡി കാര്‍ഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാര്‍ഡ് നമ്പരിലുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ ഇരുവര്‍ക്കും നിലവില്‍ കൊല്ലം കോര്‍പറേഷനിലും തിരുവനന്തപുരം കോര്‍പറേഷനിലും വോട്ടുകളുണ്ട്.
ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനം നടത്തിയ ഇരുവരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് അനില്‍ അക്കര ആരോപിക്കുന്നു. ഒരാള്‍ക്ക് ഒരു ഐഡി കാര്‍ഡ് മാത്രമാണ് കൈവശം വയ്ക്കാന്‍ നിയമപരമായി കഴിയുന്നത്. രണ്ടാമത്തെ കാര്‍ഡ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഒരു കാര്‍ഡ് സമര്‍പ്പിച്ച് റദ്ദാക്കണമെന്നാണ് നിയമം. . സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മാത്രമല്ല, ബിജെപിയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഇരട്ട ഐഡി കാര്‍ഡ് നിര്‍മിച്ച് ആയിരക്കണക്കിന് വോട്ടര്‍മാരെയാണ് ഇവര്‍ തൃശൂരിലെ പട്ടികയില്‍ തിരുകി കയറ്റിയിരിക്കുന്നതെന്നും അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.