പണമില്ലാത്തതല്ല, തീരുമാനമെടുക്കാനും നടപ്പിലാക്കാനും കഴിവില്ലാത്തതാണ് പ്രശ്നം : മോദി സർക്കാരിന് വിമർശനവുമായി ഗഡ്കരി

മോദി സർക്കാരിന്‍റെ കഴിവുകേട് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാരിന് പണത്തിന് യാതൊരു ക്ഷാമവുമില്ലെന്നും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയാണ് സർക്കാരിന്‍റെ പ്രശ്നമെന്നുമായിരുന്നു നിതിന്‍ ഗഡ്കരിയുടെ വിമർശനം. നാഗ്പൂരില്‍ നടന്ന പരിപാടിക്കിടെയാണ് മോദി സര്‍ക്കാരിന്‍റെ കഴിവുകേട് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

‘കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഞാന്‍ 17 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഞാന്‍ നടത്തിയത്. ഈ വര്‍ഷം 5 ലക്ഷം കോടി രൂപയുടെ പ്രവർത്തനങ്ങള്‍ നടത്താനാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ സർക്കാരിന് പണത്തിന് യാതൊരു കുറവുമില്ല. എന്നാല്‍ കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യവും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയാണ് സർക്കാരിന്‍റെ പ്രശ്നം’ – നിതിന്‍ ഗഡ്കരി പറഞ്ഞു.

ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് വിനിയോഗിക്കാന്‍ കഴിയും. എന്നാല്‍ മോദി സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇതുണ്ടാകുന്നില്ല എന്ന വിമർശനമാണ് ഗഡ്കരി പരസ്യമായി നടത്തിയത്.  വിഷയങ്ങളോടുള്ള നിഷേധാത്മക സമീപനവും തീരുമാനമെടുക്കാന്‍ചങ്കൂറ്റമില്ലാത്തതുമാണ് മോദി സർക്കാരിന്‍റെ പ്രധാന പ്രശ്നമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

Nitin Gadkari
Comments (0)
Add Comment