എംബിബിഎസ് പ്രവേശനത്തിനായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നീറ്റ് റാങ്ക് ജേതാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രാ സ്വദേശിയായ അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന വിദ്യാര്‍ത്ഥിയാണ് സ്വയം ജീവനൊടുക്കിയത്. ഈ കുട്ടിക്ക് NEET പരീക്ഷയില്‍ 1475-ാം റാങ്ക് ലഭിച്ചിരുന്നു. OBC ക്വാട്ടയില്‍ AIIMS ഗോരഖ്പൂരില്‍ പ്രവേശനം നേടുകയും ചെയ്തിരുന്നു.
അനുരാഗ് രണ്ട് തവണ NEET പരീക്ഷ എഴുതിയിരുന്നു. ആദ്യ തവണ എംബിബിഎസ് പ്രവേശനം ലഭിച്ചിരുന്നെങ്കിലും, മികച്ച ഒരു കോളേജില്‍ പഠിക്കാനായി വീണ്ടും പരീക്ഷ എഴുതുകയായിരുന്നു. അങ്ങനെയാണ് AIIMS ഗോരഖ്പൂരില്‍ പ്രവേശനം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ അനുരാഗ് യാത്ര പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. പുലര്‍ച്ചെ 4 മണിയോടെ അനുരാഗിനെ വിളിക്കാന്‍ ചെന്ന അമ്മയാണ് മകനെ സീലിംഗില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
അനുരാഗിന്റെ മുറിയില്‍ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ‘എനിക്ക് എംബിബിഎസ് പഠിക്കാന്‍ താല്‍പ്പര്യമില്ല. ഒരു ബിസിനസുകാരനും പണം സമ്പാദിക്കാന്‍ കഴിയും. അഞ്ചു വര്‍ഷത്തെ പഠനം, പിന്നെ എംഡി… ഇതൊന്നും എനിക്ക് വേണ്ട.’
അക്കാദമിക് സമ്മര്‍ദ്ദവും ദീര്‍ഘകാല മെഡിക്കല്‍ പഠനത്തോടുള്ള വിമുഖതയുമാകാം അനുരാഗിന്റെ ഈ തീരുമാനത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമാക്കുന്നു. താന്‍ നേടിയെടുത്ത വിജയങ്ങള്‍ ഉണ്ടായിരുന്നിട്ടും മെഡിക്കല്‍ പഠനം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ആത്മഹത്യാക്കുറിപ്പ് സൂചിപ്പിക്കുന്നു
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കണം. മറികടക്കണം. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, സഹായത്തിന് ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)