എക്‌സിറ്റ് പോളുകളില്‍ വിശ്വസിക്കുന്നില്ല; വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ പരിശോധിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി – കെ.സി. വേണുഗോപാല്‍

എക്സിറ്റ് പോള്‍ ഫലങ്ങളിൽ സംശയം ഉണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചില സംസ്ഥാനങ്ങളിലെ കണക്കുകളോടു ഒട്ടും യോജിക്കാൻ കഴിയില്ല. കോൺഗ്രസിന്റെ കണക്കുകളുമായി ഇവ പൊരുത്തപ്പെടുന്നില്ല. ബിജെപിക്കായി ചെയ്ത പ്രവചനങ്ങളാണിത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായി പെരുമാറുകയാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ പരിശോധിക്കാൻ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ലീഗൽ ടീം ഉണ്ടാകുമെന്നും വേണുഗോപാൽ വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളിൽ തിരിമറികൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിലാണ് ഇത്തരം ജാഗ്രത.

അതേസമയം, സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു. കർണാടക സർക്കാരിനു പ്രതിസന്ധിയില്ല. കുറച്ചു കോൺഗ്രസ് എംഎൽഎമാരെ വശത്താക്കാൻ ബിജെപി ശ്രമിക്കുന്നു. ഭരണം പിടിച്ചെടുക്കാനാണ് ശ്രമം. അതു ഫലം കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വേണുഗോപാൽ കർണാടകയിലെത്തും. സംസ്ഥാനത്തെ ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന സൂചനകൾക്കിടെയാണ് സംസ്ഥാനത്തിന്റെ കൂടി ചുമത വഹിക്കുന്ന വേണുഗോപാൽ എത്തുന്നത്.

Comments (0)
Add Comment