‘സംസാരിക്കാന്‍ അനുവദിച്ചില്ല, മൈക്ക് ഓഫ് ചെയ്തു’; നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മമതാ ബാനർജി

Jaihind Webdesk
Saturday, July 27, 2024

 

ന്യൂഡല്‍ഹി: നീതി ആയോഗ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തില്‍ നിന്നും മമത ഇറങ്ങിപ്പോയത്. സംസാരിക്കാന്‍ അനുവദിക്കാതെ തന്‍റെ മൈക്ക് ഓഫ് ചെയ്തെന്ന് മമത പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചെന്നും താന്‍ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്തെന്നും മമത പറഞ്ഞു.

”കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് ഞാൻ പറഞ്ഞു. എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ 5 മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂ. എനിക്ക് മുമ്പുള്ള ആളുകൾ 10-20 മിനിറ്റ് സംസാരിച്ചു. പ്രതിപക്ഷത്ത് നിന്ന് ഞാൻ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് അപമാനകരമാണ്” – മമതാ ബാനർജി പറഞ്ഞു. എതിര്‍പ്പ് ഉന്നയിക്കാന്‍ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്നും ഇന്ത്യാ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ തഴഞ്ഞെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രാഷ്‌ട്രപതി ഭവനിലാണ് നീതി ആയോഗ് യോഗം ചേർന്നത്. 2047-ലെ വികസിത ഭാരതം എന്ന അജണ്ടയിലാണ് നീതി ആയോഗിന്‍റെ ഇന്നത്തെ സമ്മേളനം. സംസ്ഥാന മുഖ്യമന്ത്രിമാർ , ലെഫ്റ്റനന്‍റ് ഗവർണർമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. കേന്ദ്ര ബജറ്റിലെ സംസ്ഥാനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിച്ചിരുന്നു. ബിഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കു വാരിക്കോരി നൽകിയപ്പോൾ ബാക്കി എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ബജറ്റില്‍ അവഗണിച്ചു എന്നാണ് സംസ്ഥാനങ്ങളുടെ പരാതി .