ഞാന്‍ ബ്രാഹ്മണനാണ്, ചൗക്കീദാറല്ല : ബി.ജെ.പിയുടെ ചൗക്കീദാർ ക്യാംപെയ്‌നിന്‍റെ നടുവൊടിച്ച് സ്വാമിയുടെ ഡയലോഗ്

Jaihind Webdesk
Sunday, March 24, 2019

Subramanian-Swamy

ബി.ജെ.പിയുടെ ചൗക്കീദാർ ക്യാംപെയ്ന് തിരിച്ചടിയായി ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ഞാന്‍ ബ്രാഹ്മണനായതിനാലാണ് പേരിന് മുന്നില്‍ ചൌക്കീദാര്‍ ചേര്‍ക്കാത്തതെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. “എനിക്ക് ഒരിക്കലും കാവല്‍ക്കാരനാകാന്‍ കഴിയില്ല. കാവല്‍ക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയാണ് ഞങ്ങള്‍ ബ്രാഹ്മണര്‍ ചെയ്യാറുള്ളത്” – സ്വാമി പറഞ്ഞു.

എന്തായാലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിലപാട് ബി.ജെ.പിയുടെ ചൌക്കീദാര്‍ ക്യാംപെയ്നിന് തിരിച്ചടിയാകുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള കാവല്‍ക്കാര്‍ ക്യാംപെയ്ന്‍ വക്താക്കളെ അവഹേളിക്കുന്നതുമാണെന്നാണ് ഉയരുന്ന വിമര്‍ശനം.

ചൗക്കീദാർ ചോര്‍ ഹെ ( കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന കോണ്‍ഗ്രസ് ക്യാംപെയ്ന് ബദലായി ബി.ജെ.പി കൊണ്ടുവന്നതാണ് മേം ഭീ ചൗക്കീദാർ ( ഞാനും കാവല്‍ക്കാരനാണ്) എന്നത്. ഇതിന്‍റെ ഭാഗമായി ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ പേരിന് മുന്നില്‍ ‘ചൗക്കീദാർ’ എന്ന് ചേര്‍ക്കുന്നതായിരുന്നു ക്യാംപെയ്ന്‍. എന്നാലിപ്പോള്‍ ‘കാവല്‍ക്കാരന്‍’ എന്ന് തന്‍റെ പേരിന് മുന്നില്‍ ചേര്‍ക്കാനാവില്ല എന്ന് സുബ്രഹ്മണ്യന്‍ സ്വാമി തുറന്നടിച്ചതും അതിന് നല്‍കുന്ന വിശദീകരണവും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.