വടക്കന്‍ കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് 11 ന്

Jaihind News Bureau
Tuesday, December 9, 2025

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന വടക്കന്‍ ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് കൊട്ടിക്കലാശത്തോടെ അവസാനിക്കും. ഡിസംബര്‍ 11-ന് ആണ് വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം.

ഭരണപക്ഷത്തിന്റെ അഴിമതികളും വിവാദങ്ങളും ചര്‍ച്ചാവിഷയമായതോടെ യു.ഡി.എഫ്. തരംഗം ആഞ്ഞടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ആദ്യഘട്ട വോട്ടെടുപ്പില്‍ ഉയര്‍ന്നുവന്ന ശബരിമല സ്വര്‍ണ്ണക്കൊള്ള കേസും മറ്റ് അഴിമതികളും വടക്കന്‍ കേരളത്തിലും എല്‍.ഡി.എഫിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

അതേസമയം മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന ഞായറാഴ്ച രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്. പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ ഹസീനക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.