തൃശൂരില്‍ നോറോ വൈറസ് : 57 പേർക്ക് രോഗ ബാധ

Jaihind Webdesk
Monday, November 29, 2021

തൃശ്ശൂര്‍: ജില്ലയില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ. സെയ്ന്‍റ് മേരീസ് കോളേജ് ഹോസ്റ്റലിലെ  54 വിദ്യാര്‍ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി.

കഴിഞ്ഞ 24-ന് എട്ട് വിദ്യാര്‍ഥിനികള്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. രോഗബാധിതരുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ച് വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും ബാക്ടീരിയ പരിശോധനയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും അയച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ‘നോറോ’ വൈറസ് സ്ഥിരീകരിച്ചത്.

കുടിവെള്ളത്തില്‍നിന്നാണ് രോഗബാധയുണ്ടായത്. സാധാരണ കണ്ടുവരുന്ന രോഗമാണിതെന്നും നിര്‍ജലീകരണം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് വേണ്ടതെന്നും ഡിഎംഒ പറഞ്ഞു. രോഗബാധ പൂര്‍ണമായും നിയന്ത്രണത്തിലാവുന്നതുവരെ ഹോസ്റ്റലില്‍നിന്ന് ആരെയും വീടുകളിലേക്ക് വിടരുതെന്ന് നിര്‍ദേശിച്ചു. മറ്റു ജില്ലകളിലുള്ള കുട്ടികള്‍ വീടുകളിലേക്ക് പോയിട്ടുണ്ടെങ്കില്‍ ആ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസുകളില്‍ അറിയിക്കണം.